വിജയഭാസ്കര റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വിജയഭാസ്കര റെഡ്ഡി അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായിരുന്ന റെഡ്ഡി അപ്പോളോ ആശുപത്രിയില്‍ സപ്തംബര്‍ 27 വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. 81 വയസ്സായിരുന്നു. ഭാര്യയും രണ്ട് ആണ്‍ മക്കളും മൂന്നു പെണ്‍മക്കളുമുണ്ട്.
ആഗസ്ത് 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വഷളാവുകയായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. റെഡ്ഡിയുടെ ജന്മദേശമായ കുര്‍ണൂര്‍ ജില്ലയിലെ ലദ്ദാഗിരിയിലാണ് ശവസംസ്കാരച്ചടങ്ങുകള്‍ നടക്കുക.
1920ല്‍ ജനിച്ച റെഡ്ഡി റായലസീമ രാഷ്ട്രീയത്തിലൂടെയാണ് മുഖ്യധാരയിലെത്തുന്നത്. ആറു തവണ ലോക്സഭാംഗമായിട്ടുള്ള റെഡ്ഡി ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു എന്നിവരുടെ മന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. 1977ല്‍ കുര്‍ണൂലില്‍ നിന്നാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 80, 89, 91, 96, 98 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം കുര്‍ണൂലിനെ പ്രതിനിധീകരിച്ചു. എന്നാല്‍ 1999ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റെഡ്ഡി പാര്‍ട്ടിയുടെ അച്ചടക്കസമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു തവണ ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി.
റെഡ്ഡിയുടെ ജീവിതത്തില്‍ പരാജയത്തിന്റെ പരമ്പരകളുമുണ്ടായിരുന്നു. സിനിമാ താരം എന്‍.ടി രാമറാവു രൂപീകരിച്ച തെലുഗുദേശം പാര്‍ട്ടി (ടിഡിപി)യില്‍ നിന്നായിരുന്നു രണ്ടു തവണ അദ്ദേഹത്തിന് വന്‍ തിരിച്ചടി ലഭിച്ചത്. 1983ല്‍ ടിഡിപി രൂപം കൊണ്ട് വെറും ഏഴു മാസങ്ങള്‍ക്കുള്ളില്‍ റെഡ്ഡി നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെ മേധാവിത്തം തകര്‍ത്തുകൊണ്ട് എന്‍ടി രാമറാവു മുഖ്യമന്ത്രിപദത്തിലേറി. 1994ലെ നിയമസഭാ തിരഞ്ഞെടുപ്പിലും റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ടിഡിപിയില്‍ നിന്ന് കനത്ത പ്രഹരമേല്‍ക്കേണ്ടിവന്നു.












Click it and Unblock the Notifications