രണ്ട് ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: ചൈനീസ് സഹായത്തോടെ സംസ്ഥാനത്ത് തുടങ്ങുന്ന 18 ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ രണ്ടെണ്ണത്തിന് സപ്തംബര്‍ 27 വ്യാഴാഴ്ച തുടക്കമായി.
ചെമ്പുകാവ് ജലവൈദ്യുത പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളുടെ നിര്‍മാണോദ്ഘാടനം സപ്തംബര്‍ 27 വ്യാഴാഴ്ച വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ നിര്‍വഹിച്ചു. കുറഞ്ഞ ചെലവില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ചൈനീസ് സഹായത്തോടെയുള്ള പദ്ധതികളുടെ ലക്ഷ്യം.
ചെമ്പുകാവ് ഒന്നാംഘട്ട പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷം പുറത്തേക്കൊഴുകുന്ന ജലം ഉപയോഗിച്ചാണ് രണ്ടാംഘട്ട പദ്ധതിയുടെ നിലയം പ്രവര്‍ത്തിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ സ്ഥാപിത ശേഷി 3. 79 മെഗാവാട്ടും വാര്‍ഷിക ഉല്‍പ്പാദനം 96.6 ലക്ഷം യൂണിറ്റുമാണ്. 13 കോടി രൂപയാണ് ചെമ്പുകാവ് പദ്ധതിയുടെ മതിപ്പ് ചെലവ്.
പൊയിലിങ്ങപ്പുഴയുടെ 14. 5 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്ത് നിന്നും ലഭിക്കുന്ന ജലമുപയോഗിച്ച് 3. 75 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഒരു പവര്‍ ഹൗസാണ് ഉറുമി ഒന്നാംഘട്ട പദ്ധതിയില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ നിന്നുള്ള വാര്‍ഷിക ഉല്‍പ്പാദനം 9. 53 ദശലക്ഷം യൂണിറ്റായിരിക്കും. 13 കോടി രൂപയാണ് ഉറുമി പദ്ധതിക്കും ചെലവ് പ്രതീക്ഷിക്കുന്നത്. ഉറുമി രണ്ടാംഘട്ട പദ്ധതിയില്‍ നിന്നും ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിവര്‍ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 11 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്റെ മതിപ്പ് ചെലവ്.












Click it and Unblock the Notifications