ഒസാമയെ കണ്ടെത്തിയെന്ന് താലിബാന്‍
ഇസ്ലാമബാദ്: ഒളിവില്‍ കഴിയുന്ന സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം വ്യക്തമാക്കി.
ഒസാമ രാജ്യം വിടണമെന്ന ഇസ്ലാമിക പണ്ഡിതരുടെ സന്ദേശം കൈമാറിയിട്ടുണ്ടെന്നും പാകിസ്ഥാനിലെ താലിബാന്‍ അംബാസഡര്‍ മുല്ല അബ്ദുള്‍ സലീം സെയ്ഫിനെ ഉദ്ധരിച്ച് എന്‍എന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മതപണ്ഡിതരുടെ നിര്‍ദ്ദേശം താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമര്‍ അംഗീകരിച്ച എഴുത്തും ഒസാമയ്ക്ക് കൈമാറിയിട്ടുണ്ട്.
അതിനിടെ ഒസാമയ്ക്കും താലിബാനും എതിരെ നയതന്ത്രതലത്തില്‍ നീക്കം നടത്താനാണ് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷും ഭരണകൂടവും ശ്രമിക്കുന്നത്. താലിബാനുമായി നയതന്ത്ര ബന്ധം ഉള്ള ഏക രാജ്യമായ പാകിസ്ഥാനും ഉടന്‍ തന്നെ ബന്ധം വിച്ഛേദിക്കുമെന്ന് അമേരിക്കന്‍ അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. യുഎഇയും സൗദി അറേബ്യയും നേരത്തെത്തന്നെ താലിബാനുമായി നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.
ഒസാമയെ വിട്ടുകൊടുക്കാന്‍ താലിബാനെ പ്രേരിപ്പിക്കാനായി പാകിസ്ഥാന്‍ രണ്ടാമതൊരു പ്രതിനിധി സംഘത്തെക്കൂടി അയക്കുന്നുണ്ട്. മതപണ്ഡിതരുടെയും നയതന്ത്രജ്ഞരുടെയും രണ്ടു സംഘങ്ങള്‍ കാബൂളിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്.
അതിനിടെ ഒരു സമാധാന ശ്രമത്തിനായി മനുഷ്യാവകാശ പ്രവര്‍ത്തകനായ റവറന്റ് ജെസ്സി ജാക്സന്റെ സഹായം താലിബാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താലിബാന്റെ അഭ്യര്‍ത്ഥന പരിഗണിക്കുകയാണെന്ന് ജാക്സണ്‍ പറഞ്ഞിട്ടുണ്ടെങ്കിലും അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ നീക്കത്തെ അനുകൂലിച്ചിട്ടില്ല.
മിസൈലുകളും സൈനിക സന്നാഹങ്ങളും ഇല്ലാത്ത ഒരു യുദ്ധമാണ് അമേരിക്ക താലിബാനെതിരെ തുടങ്ങിയിരിക്കുന്നത്. താലിബാന്റെ എതിരാളികളായ വടക്കന്‍ സഖ്യത്തെ സഹായിച്ചുകൊണ്ടാണ് അമേരിക്ക താലിബാനെതിരെ നീക്കം തുടങ്ങിയിരിക്കുന്നത്. തീവ്രവാദത്തിനെതിരായ യുദ്ധം പഴയ മുറയിലായിരിക്കില്ലെന്നും നീണ്ടതായിരിക്കുമെന്നും പ്രസിഡണ്ട് ബുഷ് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications