തലസ്ഥാനനഗരിക്ക് ശാപമായി ജാഥകള്‍
തിരുവനന്തപുരം: നിങ്ങള്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തേക്ക് വരുന്ന ദിവസം ജാഥകളും സമരങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തുക, അല്ലെങ്കില്‍ ഗതാഗതക്കുരുക്കില്‍ പെട്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ വളരെ വൈകിയേക്കും.
ദിവസം തോറും ഒരു ജാഥയ്ക്കോ പ്രകടനത്തിനോ തിരുവനന്തപുരം നഗരം വേദിയാവുകയാണ്. കോടതിവിധി കാറ്റില്‍പ്പറത്തി ജാഥകള്‍ പുരോഗമിക്കുമ്പോള്‍ ഗതാഗതം നിശ്ചലമാകുന്നു, സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതെ ജനം സ്വയം പഴിക്കുന്നു. വാഹനങ്ങളെ കൂട്ടത്തോടെ തിരിച്ചുവിടുമ്പോള്‍ അനന്തപുരിയുടെ കുപ്രസിദ്ധമായ കുപ്പിക്കഴുത്ത് ഇടറോഡുകളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത സ്തംഭനം.
ഇക്കഴിഞ്ഞ ഒരാഴ്ച തിരുവനന്തപുരത്ത് ജാഥകളുടെയും പ്രകടനങ്ങളുടെയും പ്രളയമായിരുന്നു. പോരാത്തതിന് സപ്തംബര്‍ മാസത്തില്‍ മൂന്ന് ഹര്‍ത്താലുകളും നടന്നുകഴിഞ്ഞു. ജാഥകളും പ്രകടനങ്ങളും മൂലമുണ്ടാകുന്ന സമയനഷ്ടവും ഇന്ധനനഷ്ടവും മറ്റും കണക്കിലെടുത്താല്‍ പ്രതിവര്‍ഷം 15.06 കോടി രൂപയുടെ നഷ്ടമാണുണ്ടാവുന്നതെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാട്പാക്ക്) നടത്തിയ പഠനത്തില്‍ പറയുന്നു.
ജാഥകളും പ്രതിഷേധപ്രകടനങ്ങളും അക്രമാസക്തമാവുമ്പോള്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഇതില്‍ പെടുത്തിയിട്ടില്ലെന്ന് പഠനം നടത്തിയ നാട്പാക് ഡയറക്ടര്‍ ഡോ. ഇളങ്കോവനും ഡി. സുന്ദറും പറയുന്നു. പാളയം മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിനിരുവശമുള്ള കടകള്‍ക്ക് വന്‍ തുകയാണ് നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ടി വരുന്നത്.
ഏറ്റവും കുറച്ച് ജാഥകള്‍ നടക്കുന്നത് സപ്തംബര്‍ മാസത്തിലാണെന്ന് നാട്പാക് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ജാഥകള്‍ കൂടുതല്‍ നടന്നത് സപ്തംബര്‍ മാസത്തിലാണെന്ന് തോന്നുന്നു. സാധാരണ ഗതിയില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലാണ്. ഹര്‍ത്താല്‍ ദിവസമായിരുന്ന സപ്തംബര്‍ 28 വെള്ളിയാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച നടന്നത് രണ്ട് ജാഥകളായിരുന്നു. തയ്യല്‍ക്കാരുടെ സംഘടനയുടെ ജാഥയും പിന്നെ ഒരു യുദ്ധവിരുദ്ധ പ്രകടനവും. രണ്ടും യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ചു.
ജാഥ നടത്തുമ്പോള്‍ റോഡിന്റെ ഒരു വശത്തുകൂടെ മാത്രം ഒരു വരിയായി പോകണം, ഗതാഗത തടസമുണ്ടാക്കരുത്, വഴിയാത്രക്കാരെ ജാഥ മുറിച്ചുകടക്കാന്‍ അനുവദിക്കണം തുടങ്ങിയവയൊക്കെ ഹൈക്കോടതി നിഷ്ക്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ല. ജനക്കൂട്ടത്തിന്റെ പിടികിട്ടാത്ത മനശാസ്ത്രത്തിന് മുന്നില്‍ പൊലീസും നിസഹായരാണ്. ചില ജാഥകള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കുകപോലും ചെയ്യാതെ നടത്തുമെന്ന് പറയപ്പെടുന്നു.
ബന്ദ് ഹൈക്കോടതി നിരോധിച്ച ഹര്‍ത്താല്‍ ബന്ദാക്കി മാറ്റുക എന്നതായിരിക്കുന്നു രാഷ്ട്രീയപാര്‍ട്ടികളുടെ തന്ത്രം. സപ്തംബര്‍ 28 വെള്ളിയാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍ക്കാര്‍ വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും ട്രെയിനിലും വിമാനത്താവളത്തിലും വന്നിറങ്ങിയവര്‍ വൈകുന്നേരം ഏഴ് മണി വരെ ലക്ഷ്യസ്ഥാനത്തെത്താനാകാതെ കുടുങ്ങി. ഹര്‍ത്താലായിട്ടും ഓടുവാന്‍ ധൈര്യം കാണിച്ച ഓട്ടോറിക്ഷകളും ടാക്സിക്കാറുകളും സാധാരണ നിരക്കിന്റെ രണ്ടിരട്ടിയും മൂന്നിരട്ടിയും വാങ്ങി യാത്രക്കാരെ പിഴിഞ്ഞു.
ഹുറിയത്ത് നേതാക്കളുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും മേയറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും നടത്തിയ ഹര്‍ത്താലുകളും ഈ മാസം തന്നെയായിരുന്നു.
ഹര്‍ത്താലിന് കടകള്‍ അടച്ചിടേണ്ടി വരുന്നത് വഴി തങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പറയുന്ന വ്യാപാരികള്‍ തന്നെ വ്യാപാര സംഘടനകളുടെ പേരില്‍ ഹര്‍ത്താല്‍ നടത്തി പൊതുജനത്തെ ബുദ്ധിമുട്ടിക്കാറുണ്ട്.












Click it and Unblock the Notifications