താലിബാനെ പുറത്താക്കും: അമേരിക്ക
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് ജനങ്ങളുടെ പിന്തുണയില്ലെന്നും അവരെ പുറത്താക്കാന്‍ അമേരിക്ക പ്രതിപക്ഷ കക്ഷികള്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നും അമേരിക്ക. വൈറ്റ് ഹൗസ് സപ്തംബര്‍ 29 ശനിയാഴ്ച പുറത്തിറക്കിയ മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താലിബാനെ അഫ്ഗാന്‍ ജനത തിരഞ്ഞെടുത്തതല്ലെന്ന് ചൂണ്ടിക്കാണിച്ച അമേരിക്ക പക്ഷെ അഫ്ഗാനില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയില്ലെന്ന് പറഞ്ഞു. എന്നാല്‍ രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും വൈറ്റ് ഹൗസ് മെമ്മോ വ്യക്തമാക്കി.
വാരാന്ത റേഡിയോ പ്രക്ഷേപണത്തില്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷും അമേരിക്കന്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാന്‍ ജനതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അവിടേക്ക് ജീവകാരുണ്യ സഹായം നല്‍കുന്ന ഏറ്റവും വലിയ രാഷ്ട്രമാണ് അമേരിക്ക. പക്ഷെ താലിബാനെ ഞങ്ങള്‍ എതിര്‍ക്കുന്നു. താലിബാന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താന്‍ മറ്റു രാജ്യങ്ങളുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ബുഷ് പറഞ്ഞു.
അമേരിക്ക താലിബാനെതിരായ തങ്ങളുടെ നയം പ്രഖ്യാപിച്ചതോടെ പാകിസ്ഥാന്റെ നിലപാടെന്താകുമെന്ന് വ്യക്തമായിട്ടില്ല. നേരത്തെ താലിബാനെ ഇല്ലാതാക്കുന്നതിനോടും പ്രതിപക്ഷമായ വടക്കന്‍ സഖ്യത്തിന് പിന്തുണ നല്‍കുന്നതിനോടും പാകിസ്ഥാന്‍ അമേരിക്കയോട് തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
താലിബാന്‍ ഭരണകൂടത്തെ ഇന്ന് അംഗീകരിച്ചിട്ടുള്ള ഏക ലോകരാഷ്ട്രമാണ് പാകിസ്ഥാന്‍. യുഎഇയും സൗദി അറേബ്യയും താലിബാനെ അംഗീകരിച്ചിരുന്നെങ്കിലും അമേരിക്കയുടെ സമ്മര്‍ദ്ദം നിമിത്തം അവര്‍ നയതന്ത്രബന്ധം വിച്ഛേദിച്ചു.












Click it and Unblock the Notifications