ജൈവയുദ്ധത്തെ നേരിടാനുള്ള ഒരുക്കത്തില്‍ പാക്
ഇസ്ലാമാബാദ്: ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനും കൂട്ടരും തുടങ്ങിവച്ചേക്കാനിടയുള്ള ജൈവയുദ്ധത്തെ നേരിടാന്‍ പാകിസ്ഥാന്‍ ഒരുക്കം തുടങ്ങി. പ്രതിരോധ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ഈ നീക്കം. അഫ്ഗാനിസ്ഥാനെതിരെ ആക്രമണമുണ്ടായാല്‍ ഒസാമയും താലിബാനും പാകിസ്ഥാനെതിരെ ഇത്തരമൊരു യുദ്ധം തുടങ്ങിയേക്കുമെന്ന് അമേരിക്കയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കറാച്ചിയിലും ഇസ്ലാമാബാദിലുമുള്ള പ്രതിരോധ വകുപ്പിന്റെ ലബോറട്ടറികള്‍ ജൈവയുദ്ധത്തിനുപയോഗിക്കുന്ന ജീവികള്‍ക്കെതിരെ വാക്സിന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ രണ്ട് സഞ്ചരിക്കുന്ന മൈക്രോ-ബയോളജിക്കല്‍ ലബോറട്ടറികളും പ്രവര്‍ത്തനമാരംഭിക്കും. ഇക്കാര്യത്തിനായി പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്ന് 10 ലക്ഷം ഡോളറിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ലോകാരോഗ്യസംഘടനയില്‍ നിന്നും പാകിസ്ഥാന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ധനസഹായം ലഭിക്കുകയാണെങ്കില്‍ വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള വിദഗ്ധര്‍ പാകിസ്ഥാനുണ്ടെന്ന് വക്താക്കളെ ഉദ്ധരിച്ച് പത്രം പറയുന്നു.
എന്നാല്‍ പാകിസ്ഥാന് ഇത്തരമൊരു യുദ്ധം നേരിടാന്‍ കഴിയുമോ എന്ന് ചില അന്താരാഷ്ട്ര ഏജന്‍സികള്‍ സംശയിക്കുന്നു. പാകിസ്ഥാന്‍ ഉണ്ടാക്കുമെന്ന് പറയുന്ന വാക്സിനുകള്‍ യുദ്ധത്തിനിരയാകുന്നവര്‍ക്ക് തികയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications