നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായേക്കും
ദില്ലി: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ രണ്ട് ചൊവാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
ഒരാഴ്ച നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സബര്‍ക്കന്ത ലോക്സഭാ മണ്ഡലത്തിലും സബര്‍മതി നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പട്ടേലിനു മേല്‍ രാജി സമ്മര്‍ദ്ദമുണ്ടായത്.
തിങ്കളാഴ്ച പ്രധാനമന്ത്രി വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് പട്ടേല്‍ രാജി സമര്‍പ്പിച്ചത്.
ബിജെപി പ്രസിഡന്റ് ജന കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനെ കുറിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. നരേന്ദ്ര മോഡിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications