ഗാന്ധിജയന്തി ദിനത്തില്‍ ചാരായത്തൊഴിലാളികളുടെ ഉപവാസം
തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട ചാരായത്തൊഴിലാളികളുടെ പുനരധിവാസത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ചൊവാഴ്ച ചാരായത്തൊഴിലാളികള്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി.
മന്ത്രി ഗൗരിയമ്മയുടെ രാഷ്ട്രീയകക്ഷിയായ ജെഎസ്എസിന്റെ കീഴിലുള്ള മദ്യവ്യവസായ തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് 55 തൊഴിലാളികള്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചിട്ടുള്ളത്. കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയ ശേഷമാണ് ഉപവാസം തുടങ്ങിയത്.
ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച വൈകുന്നേരം ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം കള്ള്ഷാപ്പ് ലേലം സംബന്ധിച്ചുള്ള തീരുമാനമെടുക്കും. കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിട്ട് അബ്കാരികള്‍ക്ക് നല്‍കണമെന്ന നിലപാടാണ് ജെഎസ്എസിനുള്ളത്. എസ്എന്‍ഡിപി ജെഎസ്എസ് വഴി ഇതിനായി സമ്മര്‍ദം ചെലുത്തുകയാണെന്നും അറിയുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ യുഡിഎഫ് കക്ഷികള്‍ക്കും കോണ്‍ഗ്രസിനുള്ളില്‍ തന്നെയും എതിര്‍പ്പുള്ളതിനാല്‍ കള്ള് സഹകരണ സംഘങ്ങള്‍ പിരിച്ചുവിട്ട ശേഷം കള്ള് വിതരണം പൂര്‍ണമായും എക്സൈസ് വകുപ്പിന് നല്‍കാനാണ് യുഡിഎഫ് തീരുമാനമെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications