സെക്രട്ടറിയേറ്റിന് മുമ്പില്‍ ആദിവാസിക്കുടിലുകള്‍ അനുവദിക്കില്ല
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെട്ടിയിരിക്കുന്ന ആദിവാസി കുടിലുകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
സെക്രട്ടറിയേറ്റിന് മുന്നിലും മന്ത്രിമാരുടെ വസതിക്ക് മുന്നിലും കുടില്‍ കെട്ടിയുള്ള സമരം അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായി ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച ആന്റണി അറിയിച്ചു. സമരം ചെയ്യാനും മറ്റുമുള്ള ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കില്ല. പക്ഷേ വഴിയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കുടില്‍ കെട്ടിയുള്ള സമരവും അതിന് മുമ്പിലുള്ള നിര്‍ബന്ധിത പിരിവും സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളേജ് ആയുധപ്പുരയാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമോ അതെല്ലാം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ആന്റണി വ്യക്തമാക്കി. മന്ത്രിമാരെ വഴിതടഞ്ഞുകൊണ്ട് സമരം നടത്താനുള്ള ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നീക്കം തെറ്റാണ്. അവരെ സിപിഎം തന്നെ പിന്തിരിപ്പിക്കണം.
ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഞങ്ങള്‍ക്കും ശക്തിയുണ്ടായിരുന്നു. ശക്തമായ സമരം നടത്താന്‍ ജനങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ഇത്തരം പ്രാകൃത സമരരീതികളിലേക്ക് തിരിഞ്ഞില്ല. മന്ത്രിമാര്‍ സഞ്ചരിക്കുന്നത് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഔദാര്യത്തിലല്ല. ക്ഷമയും സഹനശക്തിയും ദൗര്‍ബല്യമായി കാണരുത് - ആന്റണി പറഞ്ഞു.












Click it and Unblock the Notifications