വനം ഓര്‍ഡിനന്‍സ്: നിയമം കൊണ്ടുവരും
തിരുവനന്തപുരം: നിലവിലുള്ള വനം ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനായുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. നിയമസഭാ സമ്മേളനത്തില്‍ മുന്‍ഗണന ഈ ബില്ലിനായിരിക്കുമെന്നും ആന്റണി വ്യക്തമാക്കി.
ഇപ്പോള്‍ ഓര്‍ഡിനന്‍സിനെതിരെ നിലവിലുള്ള ഹൈക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മത്സ്യബന്ധന ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലേക്കായി പദ്ധതിരേഖ തയാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. പദ്ധതിക്കുള്ള ധനസഹായം കേന്ദ്രം അനുവദിക്കും. മത്സ്യബന്ധന മന്ത്രി കെ. വി. തോമസ് അധ്യക്ഷനായി ഇതിന് ഒരു സമിതി രൂപീകരിക്കുന്നതാണ്.
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി രൂപം കൊടുക്കുന്ന 3. 67 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ചെസില്‍ അന്താരാഷ്ട്ര വിജയം നേടിയ മലയാളി താരങ്ങള്‍ അര്‍ജുന്‍ വിഷ്ണുവര്‍ധനും ഗൗരിശങ്കറിനും ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
ജില്ലാ ജഡ്ജിമാരായി നിയമിക്കപ്പെടുവാന്‍ ഹൈക്കോടതി നല്‍കിയ പാനല്‍ പൂര്‍ണമായും മന്ത്രിസഭ അംഗീകരിച്ചു. സുനില്‍ തോമസ്, ടി. പി. മമ്മൂട്ടി, എന്‍. രവി, പി. കെ. ബാബുരാജന്‍, ഡി. സുധീന്ദ്രകുമാര്‍, കെ. പി. ജ്യോതീന്ദ്രനാഥ്, മേരി ജോസഫ്, പി. സോമരാജന്‍ എന്നിവരെ ജില്ലാ ജഡ്ജിമാരായി നിയമിക്കും.
തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ ഹില്‍ സ്ക്കൂളിന്റെ ആറ് ഏക്കര്‍ സ്ഥലവും കെട്ടിടവും തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിന് നല്‍കുവാനും മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications