പാമോയില്‍: കരുണാകരന്‍ സത്യവാങ്മൂലം നല്കി
കൊച്ചി: ലോക്സഭാ സ്പീക്കറുടെ അനുമതി കൂടാതെ തന്നെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് പാമോയില്‍ കേസിലെ പ്രതികളിലൊരാളായ മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
ആരോപിക്കപ്പെട്ട കുറ്റം ചെയ്ത കാലയളവില്‍ ലോക്സഭാംഗമല്ലാത്തതിനാല്‍ കരുണാകരനെ അറസ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പത്മനാഭന്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിന്മേല്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് കരുണാകരന്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
തന്റെ പ്രതിഛായയെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെയുള്ള കേസ്. പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിച്ചെടുത്തതല്ല. അത് മന്ത്രിസഭാ തീരുമാനമായിരുന്നു.
തീരുമാനം നടപ്പിലാക്കിയത് ബന്ധപ്പെട്ട എല്ലാ ഔപചാരിക നടപടികളും പൂര്‍ത്തിയാക്കിയതിനു ശേഷമാണ്. പാമോയിലിന്റെ വില കുറവായിരുന്നതിനാല്‍ ഉത്സവകാലത്ത് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു- കരുണാകരന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
വിജിലന്‍സ് വകുപ്പ് നേരത്തെ കേസില്‍ കുറ്റപത്രം തയ്യാറാക്കി വിജിലന്‍സ് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതിയില്ലാത്തതിനാല്‍ പ്രത്യേക കോടതി കുറ്റപത്രം തള്ളുകയായിരുന്നു.












Click it and Unblock the Notifications