ആദിവാസി സമരം വ്യാപിപ്പിക്കുന്നു
തിരുവനന്തപുരം: ഭൂമിയ്ക്കായുള്ള ആദിവാസികളുടെ സമരം കൂടുതല്‍ ശക്തമാക്കാനും ഏഴ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനും ആദിവാസി ഗോത്രസഭ തീരുമാനിച്ചു.
സമരത്തിന് ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ ആദിവാസി നേതാക്കള്‍ മരണം വരെ നിരാഹാരം കിടക്കാനും ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച ചേര്‍ന്ന ഗോത്രസഭയില്‍ തീരുമാനമായി. ആദിവാസി മേഖലകള്‍ 243ാം വകുപ്പ് വഴി പട്ടികവര്‍ഗ പ്രദേശമായി പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കാനും ഗോത്രസഭ തീരുമാനിച്ചു.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്ക് കൂടി സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. 1975ലെ നിയമം അതേപടി നടപ്പാക്കുക, ഭൂരഹിതരായ എല്ലാ ആദിവാസി കുടുബങ്ങള്‍ക്കും ഭൂമി നല്‍കുക, ആദിവാസി മേഖലകളിലെ പട്ടിണിമരണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങി ആവശ്യങ്ങള്‍ ഗോത്രസഭ ഉന്നയിച്ചു. 35 ഗോത്രങ്ങളെ പ്രതിനിധീകരിച്ച് അവരുടെ തലവന്മാരും മൂപ്പന്മാരും ഗോത്രസഭയില്‍ പങ്കെടുത്തു.
സെക്രട്ടറിയേറ്റിനും മുഖ്യമന്ത്രിയുടെ വസിക്കും മുമ്പിലുള്ള കുടില്‍കെട്ടിയുള്ള സമരം തുടരുമെന്ന് പിന്നീട് സി. കെ. ജാനു പറഞ്ഞു. എല്ലാ ജില്ലകളിലും ഇത്തരം സമരപരിപാടികള്‍ ആവിഷ്ക്കരിക്കും. ഇനി നടക്കുന്ന ഓരോ ആദിവാസി മരണത്തിനും സര്‍ക്കാരായിരിക്കും ഉത്തരവാദി. ആദിവാസി സമരത്തെക്കുറിച്ച് ചര്‍ച്ച നടത്താതെ അടിച്ചമര്‍ത്താനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്നും ജാനു പറഞ്ഞു.
ഇതിനിടെ കുടിലുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതറിഞ്ഞ് എല്ലാ ആദിവാസികളോടും കുടിലുകളുടെ സമീപം സജ്ജരായി നിലകൊള്ളാന്‍ ജാനു മുന്നറിയിപ്പ് നല്‍കി.
രാവിലെ 2, 000ല്‍ അധികം ആദിവാസികള്‍ പങ്കെടുത്ത മനുഷ്യാവകാശ റാലി നടന്നു. വെള്ളയമ്പലത്തെ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപത്തു നിന്നും ആരംഭിച്ച റാലി മണിക്കൂറുകളോളം നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ച ശേഷം കിഴക്കേക്കോട്ടയില്‍ അവസാനിച്ചു. പരമ്പരാഗത വേഷങ്ങളോടെ നൃത്തം ചെയ്തായിരുന്നു ആദിവാസികള്‍ റാലിയില്‍ പങ്കെടുത്തത്. സി. കെ. ജാനുവും മുകുന്ദന്‍. സി. മേനോനും റാലിക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications