ആദിവാസി സമരത്തിനു പിന്നില്‍ നക്സലൈറ്റുകള്‍: മുരളി
തിരുവനന്തപുരം : ആദിവാസികള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ നക്സലൈറ്റുകളാണെന്ന് കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍. തിരുനന്തപുരത്ത് ഒരു അഭിമുഖത്തിലാണ് മുരളീധരന്‍ ഇങ്ങനെ ആരോപിച്ചത്.
കേരളത്തില്‍ വേരറ്റു പോയ നക്സലൈറ്റ് പ്രസ്ഥാനം വീണ്ടും തലഉയര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. അവര്‍ അതിനായി ആദിവാസികളെ ഉപയോഗിക്കുകയാണ്. ആദിവാസികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുടില്‍ കെട്ടി ധര്‍ണ നടത്തുന്നത് ഇവര്‍ ഫോട്ടോ എടുക്കുകയാണ്. ഇത് കാണിച്ച് വിദേശത്തുന്ന് ഉള്‍പ്പടെ പണം പിരിക്കുകയാണ് ലക്ഷ്യം.
സെക്രട്ടേറിയറ്റിനു മുന്നില്‍ ഇപ്പോള്‍ നടക്കുന്ന തരം സമരമുരകള്‍ തുടരാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് ഭൂമി നല്‍കുക തന്നെയാണ് ലക്ഷ്യം. പക്ഷേ അത് പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നേ പറ്റൂ. ആദിവാസികളുടെ വികസനത്തിന് വേണ്ടി പദ്ധതികള്‍ നടത്താന്‍ യു ഡി എഫ് പ്രതിഞ്ജാബദ്ധമാണ്. വയനാട്ടിലെ ആദിവാസികളെ കൂടി പ്രതിനിധീകരിക്കുന്ന എം പി ആയ തനിക്ക് അവരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാം. മുരളി പറഞ്ഞു.
ആന്റണി സര്‍ക്കാരിന് വേഗത പോര എന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുരളി വ്യക്തമാക്കി. കെ പി സി സി യും സര്‍ക്കാരും തികഞ്ഞ ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍പ് പലപ്പോഴും സംഭവിച്ചതുപോലെ കെ പി സി സി യും പാര്‍ലമെന്ററി പാര്‍ട്ടിയും തമ്മില്‍ ഉരസലുണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാന്‍ അനുവദിക്കില്ല.
കേന്ദ്രത്തില്‍ നിന്ന് വേണ്ട കേരളത്തിന് വേണ്ട സഹകരണം കിട്ടുന്നില്ല. വെള്ളപൊക്കത്തിന് കേരളത്തിന് തന്ന തുകയും ഒറീസക്കും ഗുജറാത്തിനും ആന്ധ്രക്കും മറ്റും കൊടുത്ത തുകയും നോക്കിയാല്‍ ഇത് മനസ്സിലാവും.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെ തിരക്കിലായതു കൊണ്ടാണ് ഇവിടെ പാര്‍ട്ടി ഘടകങ്ങളുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ വൈകുന്നത്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications