സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി ലിംഗവിവേചനമില്ല
കൊച്ചി: സര്‍ക്കാര്‍ അപേക്ഷകളിലും സ്കൂള്‍ അപേക്ഷകളിലും അഛന്റെയോ ഭര്‍ത്താവിന്റെയോ പേര് മാത്രമായിരിക്കില്ല ഇനി ചോദിക്കുക. അതോടൊപ്പം മാതാവിന്റെയോ ഭാര്യയുടെയോ പേര് എന്നു കൂടി ചേര്‍ത്ത് പുതിയ സര്‍ക്കാര്‍ അപേക്ഷകള്‍ അടുത്തുതന്നെ നിലവില്‍ വന്നേക്കാം.
സര്‍ക്കാര്‍ അപേക്ഷകളില്‍ ലിംഗവിവേചനം ഉണ്ടാവരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന സപ്തംബര്‍ 27ന്റെ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതോടെ സര്‍ക്കാര്‍ അപേക്ഷകളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്ത രീതി അവസാനിക്കും.
വയനാട്ടിലെ ഒരു പൊലീസ് ഹെഡ്കോണ്‍സ്റബിളായ വിനയ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി സര്‍ക്കാര്‍ രേഖകളിലെ പുരുഷമേധാവിത്തത്തിനെതിരായ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഹൈക്കോടതിയില്‍ കേസ് വാദിച്ച വിനയയുടെ വാദങ്ങള്‍ ആധികാരികമായ രേഖകളിലെ ലിംഗവിവേചനത്തെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു. ജനനസര്‍ട്ടിഫിക്കറ്റുകളില്‍ തൊട്ട് ലൈംഗിക വിവേചനം ആരംഭിക്കുന്നു. സ്കൂളുകളിലും കോളജുകളിലും ജോലിസ്ഥലങ്ങളിലും അഛന്റെയോ പിതാവിന്റെയോ പേര് മാത്രമാണ് ചേദിക്കുന്നത്. അമ്മയ്ക്ക് ഒരു കുട്ടിയുടെ ജീവിതത്തില്‍ സ്ഥാനമില്ലേ? സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരെന്നാണോ ഇതിന്റെ അര്‍ഥം?-വിനയ ചോദിക്കുന്നു.
വിനയയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സര്‍ക്കാര്‍ അപേക്ഷകളില്‍ തുല്യപ്രാധാന്യം നല്‍കണമെന്നും ഇപ്പോഴുള്ള അപേക്ഷകള്‍ ഉചിതമായി ഭേദഗതി ചെയ്യണമെന്നും ചീഫ് സെക്രട്ടറിയോടും കാബിനറ്റ് സെക്രട്ടറിയോടും ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
സ്കൂളിലെ പെണ്‍കുട്ടികള്‍ക്കുള്ള ഡ്രസ് കോഡ് മാറ്റുക, എഐആറിലെ സ്ത്രീകള്‍ക്കു മാത്രമുള്ള പരിപാടിയില്‍ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങളും വിനയയുടെ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
പൊലീസ് വകുപ്പിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ വേഷം നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിനയ മറ്റ് വനിതാ കോണ്‍സ്റബിളുമാരില്‍ നിന്ന് വ്യത്യസ്തമായി ധരിക്കുന്നത് ഷര്‍ട്ടും പാന്റുമാണ്. കല്പറ്റയിലെ ഒരു പൊലീസ് കോണ്‍സ്റബിളായ മോഹന്‍ദാസ് ആണ് വിനയയുടെ ഭര്‍ത്താവ്.












Click it and Unblock the Notifications