ഹൈക്കോടതി നോട്ടീസ് സ്പീക്കര്‍ തിരിച്ചയച്ചു
കൊച്ചി: ഹൈക്കോടതി അയച്ച നോട്ടീസ് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ കൈപ്പറ്റിയില്ല. എംഎല്‍എയുടെ സത്യപ്രതിജ്ഞയുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ പൊതുതാത്പര്യഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അയച്ച നോട്ടീസാണ് വക്കം പുരുഷോത്തമന്‍ കൈപ്പറ്റാന്‍ വിസമ്മതിച്ചത്.
കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയ ഉമേഷ്ചള്ളിയില്‍ ശ്രീനാരായണഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശിയായ ഹരിദാസനാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിയിന്മേല്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് സപ്തംബര്‍ അഞ്ചിനാണ് സ്പീക്കര്‍ക്ക് നോട്ടീസയച്ചത്. വക്കം പുരുഷോത്തമന്‍ കൈപ്പറ്റാത്തതിനെ തുടര്‍ന്ന് നോട്ടീസ് ഹൈക്കോടതിയില്‍ തിരിച്ചെത്തി. അതേ സമയം നോട്ടീസ് കൈപ്പറ്റിയില്ലെങ്കിലും, കൈപ്പറ്റിയതായി കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ട്.
1983ലും സ്പീക്കറായിരിക്കെ ഹൈക്കോടതി നോട്ടീസ് കൈപ്പറ്റാന്‍ വക്കം പുരുഷോത്തമന്‍ വിസമ്മതിച്ചിരുന്നു. അന്ന് ദേശാഭിമാനി ലേഖകനായ ആര്‍.എസ്.ബാബുവിന് നിയമസഭയില്‍ പാസ് നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നോട്ടീസ് അയച്ചത്. തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ നിയമസഭാ നടപടികളില്‍ കോടതിക്ക് ഇടപെടാമോ എന്ന കാര്യം ശ്രദ്ധയില്‍ പെടുത്തി കോടതിയില്‍ മെമ്മോ നല്‍കി.
പ്രശ്നം ഡിവിഷന്‍ ബെഞ്ചില്‍ നിന്നും ഫുള്‍ ബെഞ്ചിന് മുന്നിലെത്തി. നോട്ടീസ് അയക്കാനാണ് ഫുള്‍ബെഞ്ച് തീരുമാനിച്ചത്. അതിനെതിരെ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയെങ്കിലും അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബാബുവിന് പാസ് നല്‍കി സ്പീക്കര്‍ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications