സ്വകാര്യമേഖലയിലും സംവരണം വേണം: ഡി കെ
ചെന്നൈ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേതു പോലെ സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കണമെന്ന് ദ്രാവിഡര്‍ കഴകം (ഡികെ) ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കുന്നതിന് അടുത്ത മാസം എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗം ദില്ലിയില്‍വിളിച്ചുകൂട്ടുമെന്ന് ഡികെ ജനറല്‍ സെക്രട്ടറി കെ.വീരമണി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ സംവരണതത്വങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ സ്വകാര്യമേഖലയിലും സംവരണം നടപ്പിലാക്കിയേ പറ്റൂ. സ്വകാര്യവത്കരണവും ഉദാരവത്കരണവും ആഗോളവത്കരണവും സമ്പദ്വ്യവസ്ഥയെ മാത്രമല്ല സാമൂഹ്യനീതിയെയും ബാധിക്കുന്നു.
ഒക്ടോബര്‍ ഏഴ് ഞായറാഴ്ച നടക്കുന്ന ഡികെ യുവജന വിഭാഗത്തിന്റെ സമ്മേളനത്തില്‍ സ്വകാര്യമേഖലയില്‍ സംവരണം വേണമെന്ന ആവശ്യം നടപ്പിലാക്കാനായി നടത്തേണ്ട നീക്കങ്ങളെ കുറിച്ച് തീരുമാനിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യത്തിന് വേണ്ടി താന്‍ പ്രചാരണം നടത്തുമെന്ന് വീരമണി പറഞ്ഞു. ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് മറക്കരുതെന്ന് വീരമണി ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications