വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വീണ്ടും ജീവന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങുന്നു. 2500 കോടി രൂപയുടെ പദ്ധതി ബോട്ട് ( നിര്‍മ്മിച്ച് നടത്തി കൈമാറുക) പദ്ധതി അനുസരിച്ചാണ് ഈ തുറമുഖ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഹൈദരാബാദിലെ കുമാര്‍ ഗ്രുപ്പ് ഇതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി എം വി രാഘവന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. കുമാര്‍ ഗ്രൂപ്പുമായി അവസാന കരാര്‍ ഒപ്പിടുന്നതിനു മുന്‍പായാണ് 1996ല്‍ യു ഡി എഫ് സര്‍ക്കാര്‍ സ്ഥാനം ഒഴിഞ്ഞത്.
18 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള വിഴിഞ്ഞം കടലില്‍ തുറമുഖത്തിന് സാദ്ധ്യത ഏറെയാണ്. ഇന്ത്യയുടെ തീരപ്രദേശത്ത് തുറമുഖത്തിന് ഏറ്റവും പറ്റിയ കടല്‍ തീരമാണ് വിഴിഞ്ഞം. ഇപ്പോഴത്തെ വിഴിഞ്ഞം മീന്‍ പിടിത്ത തുറമുഖത്തിനും അടിമലത്തുറ ഗ്രാമത്തിനും ഇടയിലാണ് തുറമുഖം പണിയാന്‍ ഉദ്ദേശിക്കുന്നത്. തുറമുഖ പദ്ധതി ഈ പ്രദേശത്തെ മത്സ്യ തൊഴിലാളികളെ ദോഷകരമായി ബാധിക്കില്ല എന്ന് മന്ത്രി രാഘവന്‍ വ്യക്തമാക്കി. മീന്‍ പിടിത്ത തുറമുഖമായി മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications