ഇന്‍ഫാം നവബറില്‍ റബര്‍ കയറ്റുമതി തുടങ്ങും
കോട്ടയം: ഇന്ത്യന്‍ ഫാമേഴ്സ് മൂവ്മെന്റ് (ഇന്‍ഫാം) നവംബര്‍ മധ്യത്തോടെ റബര്‍ കയറ്റുമതി തുടങ്ങും. മെക്സിക്കോ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ റബര്‍ കയറ്റുമതി ചെയ്യുന്നത്.
കയറ്റുമതി നടത്തുന്നതിനായി കമ്പനി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇന്‍ഫാം ദേശീയ ട്രസ്റി ഡോ. എം. സി. ജോര്‍ജ് അറിയിച്ചു. ഇന്‍ഫാം ആഗ്രോടെക് എന്ന പേരിലാണ് കമ്പനി രൂപീകരിക്കുന്നത്. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയായിരിക്കും കമ്പനിയുടെ ഡയറക്ടര്‍.
അന്താരാഷ്ട്രവിലയും ഇന്ത്യയിലെ താങ്ങുവിലയും തമ്മിലുള്ള ഏഴ് രൂപയുടെ വ്യത്യാസമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി പ്രകാരം രണ്ട് രൂപ ഇളവ് ലഭിക്കും. ബാക്കിയുള്ള അഞ്ച് രൂപ സംസ്ഥാന സര്‍ക്കാരും റബര്‍ബോര്‍ഡും നല്‍കണമെന്ന് ഇന്‍ഫാം ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
റബര്‍ ഉത്പാദകസഹകരണ സംഘങ്ങള്‍ വഴിയാണ് റബര്‍ സംഭരിക്കുന്നത്. സംഘങ്ങളില്ലാത്ത സ്ഥലത്ത് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കും. ആയിരം രൂപയുടെ ഓഹരികളിലൂടെയാണ് കമ്പനിക്ക് പണം കണ്ടെത്തുന്നത്.
റബര്‍ ഇറക്കുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. റബറിന് ന്യായവില നല്‍കാന്‍ ടയര്‍ കമ്പനികള്‍ തയ്യാറായാല്‍ റബര്‍ ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ നീക്കം.












Click it and Unblock the Notifications