കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫും യുഡിഎഫും ആദിവാസികള്‍ക്കെതിര്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭുമിക്കായി ആദിവാസികള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ നക്സലൈറ്റുകളെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരേ സ്വരത്തില്‍ പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി സംസ്ഥാന സമിതിയോഗത്തിന് ശേഷം കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടിയാണ് സമരത്തിന് പിന്നില്‍ നക്സലൈറ്റുകളാണെന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ അഭിപ്രായത്തോട് യോജിച്ചത്. ആദിവാസി സമരത്തോട് ആദ്യം മുതലേ ഒരു തണുപ്പന്‍ മട്ട് സ്വീകരിച്ച ഇടതുമുന്നണി ഇതോടെ കൂടുതല്‍ പ്രത്യക്ഷമായി രംഗത്തെത്തിയിരിക്കുകയാണ്.

എല്‍ഡിഎഫും യുഡിഎഫും തങ്ങളെ ഒരുപോലെ കൈയൊഴിയുമ്പോള്‍ സമരത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സി. കെ. ജാനു പറയുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ ജാനു മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

അതേസമയം സമരത്തിന് പിന്നില്‍ നക്സലൈറ്റുകളുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ആദിവാസി നേതാവ് ഗീതാനന്ദന്‍ സിപിഐ (എംഎല്‍) റെഡ് ഫ്ലാഗ് അനുയായിയാണ്. എന്നാല്‍ നക്സലൈറ്റുകള്‍ ഉണ്ടെങ്കില്‍ തന്നെ എന്താണ് തകരാറെന്ന് ഗീതാനന്ദന്‍ ചോദിക്കുന്നു. സിപിഐ (എംഎല്‍) റെഡ് ഫ്ലാഗ് ഒരു ജനാധിപത്യ സംഘടനയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പല നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും ചെയ്തു. ജന്മിയുടെ തലവെട്ടുന്ന നക്സലുകളൊന്നും ഇപ്പോഴില്ലല്ലോ- ഗീതാനന്ദന്‍ മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു.

എന്നാല്‍ താന്‍ റെഡ് ഫ്ലാഗ് അനുഭാവിയാണോ അല്ലയോ എന്ന് പറയാന്‍ ഗീതാനന്ദന്‍ വിസ്സമതിച്ചു.ആദിവാസി സമരത്തോട് അനുഭാവമുള്ള എല്ലാവരും തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഗീതാനന്ദന്‍ വ്യക്തമാക്കി. കൊടിതൂക്കമലയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഭക്ഷ്യവണ്ടി പിടിച്ചെടുത്തത് ചില നക്സല്‍ ഗ്രൂപ്പുകളുടെ സഹായത്തോടെയാണെന്നും ഇത്തരം സമര രീതിക്ക് എഴുപതുകളിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ അക്രമസ്വഭാവമാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നും നക്സല്‍പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ളതായിരുന്നു വയനാട്ടിലെയും മറ്റും ആദിവാസിമേഖലയിലെ മണ്ണ്. കൊല്ലപ്പെട്ട നക്സലൈറ്റ് വര്‍ഗീസിന് അഭയം കൊടുത്തത് വയനാട്ടിലെ ആദിവാസി ഊരുകളായിരുന്നു. അവരെ ചൂഷണം ചെയ്യുന്നവരെയായിരുന്നു വര്‍ഗീസിന്റെ പ്രസ്ഥാനത്തിന്റെ ആയുധങ്ങള്‍ ലക്ഷ്യമിട്ടതും. ഇന്നും വര്‍ഗീസെന്നാല്‍ ആദിവാസികള്‍ക്ക് പെരുമനാണ്. വര്‍ഗീസിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ആദിവാസി ഊരുകളിലെ പഴയ തലമുറയ്ക്ക് ആവേശം പകരുന്നുമുണ്ട്.

മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ആദിവാസികളെ പോലെയുള്ള ദുര്‍ബല വിഭാഗത്തെ തഴയുമ്പോഴാണ് നക്സലൈറ്റുകളും മറ്റ് തീവ്രാദികളും അവര്‍ക്കിടയില്‍ വേരൂന്നുന്നത്. 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആദിവാസി വിരുദ്ധ നിയമത്തെ യുഡിഎഫ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ആദിവാസി സമരസമിതി നേതാക്കളെ ചൊടിപ്പിക്കുന്നത്.

ആദിവാസികള്‍ക്ക് അര്‍ഹിക്കുന്നത് നല്‍കാതിരിക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയും ഐക്യമുന്നണിയും ഒറ്റക്കെട്ടാണ്. ഇക്കൂട്ടരിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും ഞങ്ങള്‍ക്ക് വിശ്വാസമില്ല.- സി. കെ. ജാനു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X