തമിഴ്മലയാളി വ്യാജ പാസ്പോര്‍ട്ട് വ്യാപകം
തിരുവനന്തപുരം: തമിഴന്റെയോ മലയാളിയുടെയോ അല്ലാത്ത തമിഴ്മലയാളി പാസ്പോര്‍ട്ടുപയോഗിച്ച് ഗള്‍ഫിലേക്ക് കടക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു.
തമിഴനായ ഒരാളുടെ പേരില്‍ പാസ്പോര്‍ട്ട് എടുത്ത ശേഷം അതില്‍ മലയാളിയുടെ ഫോട്ടോ പതിച്ച് മലയാളിയെ തന്നെ ഗള്‍ഫിലേക്ക് കടത്തുന്നതാണ് തമിഴ്മലയാളി പാസ്പോര്‍ട്ട്. തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസ് വഴി തന്നെയാണ് ഏജന്റുമാര്‍ ഈ വ്യാജ പാസ്പോര്‍ട്ടുകള്‍ തയാറാക്കി കൊടുക്കുന്നത്. ഇതിനിരയാവുന്നത് കേരള തമിഴ്നാട് അതിര്‍ത്തിയിലെ പാവം കൂലിവേലക്കാരനായ തമിഴനും.
സൗദിയിലും മറ്റും പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കപ്പെട്ട മലയാളിക്കാണ് തമിഴ്മലയാളി പാസ്പോര്‍ട്ട് ഗുണം ചെയ്യുന്നത്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന അക്ഷരാഭ്യാസമില്ലാത്ത തമിഴനെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇയാളുടെ ഭാഷ തമിഴാണെങ്കിലും മേല്‍വിലാസം കേരളത്തിലുള്ളതായിരിക്കും. തിരുവനന്തപുരം ജില്ലയുടെ ഭാഗവും തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ളതുമായ പ്രദേശങ്ങളില്‍ ഇത്തരക്കാര്‍ ധാരാളമുണ്ട്.
ഈ തമിഴന്റെ പേരില്‍ പാസ്പോര്‍ട്ടിനായി തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നു. തമിഴന്റെ മേല്‍വിലാസം കേരളത്തിലുള്ളതായതിനാല്‍ ഇതിന് ബുദ്ധിമുട്ടില്ലല്ലോ. ഫോട്ടോ പക്ഷേ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ പോകുന്ന മലയാളിയുടേതായിരിക്കും. പൊലീസ് പരിശോധനയും മറ്റും ഏജന്റ് തന്നെ വന്‍ തുക കൈക്കൂലി കൊടുത്ത് ഒതുക്കുന്നു. തന്റെ പേരില്‍ പാസ്പോര്‍ട്ട് എടുക്കുന്നതിന് മോശമല്ലാത്ത ഒരു തുകയും തമിഴന് ഏജന്റുമാര്‍ നല്‍കും.
പാസ്പോര്‍ട്ടിലെ മേല്‍വിലാസം, പേര്, അച്ഛന്റെ പേര് മുതലായവ തമിഴന്റേതാണ്. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനാ സമയത്ത് ഉദ്യോഗസ്ഥന്‍ ചോദിക്കുമ്പോള്‍ തമിഴന്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ വിവരങ്ങള്‍ തന്നെ ഇത് കാണാതെ പഠിച്ച മലയാളി പറയുന്നു. തമിഴന്റെ ഒപ്പ് തന്നെ മലയാളിയും വിമാനത്താവളത്തില്‍ വച്ച് ഇടുന്നു.
പക്ഷേ തിരുവനന്തപുരം വിമാനത്താവളം വഴി ഇത്തരക്കാര്‍ കടക്കാറില്ല. തമിഴന്റെ പേരും മറ്റുമായതിനാല്‍ തമിഴ്പുലി ബന്ധമുണ്ടാകുമെന്ന സംശയത്താല്‍ കൂടുതല്‍ ചോദ്യങ്ങളും മറ്റും തിരുവനന്തപുരത്തുണ്ടാകും. അതിനാല്‍ തമിഴ്മലയാളി പാസ്പോര്‍ട്ട് കാര്‍ കൂടുതലും ചെന്നൈ വിമാനത്താവളം വഴിയാണ് കടക്കുന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ ഗള്‍ഫിലേക്ക് പോയിട്ടുണ്ട്.
ഈ വ്യാജ പാസ്പോര്‍ട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. നേരത്തെ ഒരേ പേരില്‍ തന്നെ രണ്ട് പാസ്പോര്‍ട്ട് എടുക്കാന്‍ കഴിയുമായിരുന്നു. പിന്നീട് ഇതിനുള്ള പരിശോധനകള്‍ കര്‍ശനമാക്കിയതിനാലാണ് തമിഴ്മലയാളി പാസ്പോര്‍ട്ട് വ്യാപകമായത്.
തമിഴ്മലയാളി പാസ്പോര്‍ട്ടുപയോഗിച്ച് ഗള്‍ഫിലെത്തുന്ന മലയാളി ആവശ്യം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാസ്പോര്‍ട്ട് വില്‍ക്കുകയും ചെയ്യാം. മുംബൈയില്‍ ഇത് വില്‍ക്കുമ്പോള്‍ 20, 000 രൂപ വരെ ലഭിക്കുമെന്ന് പറയപ്പെടുന്നു. കള്ളക്കടത്ത് നടത്തുന്നവരാണ് ഇത് വാങ്ങുന്നത്. വിദേശത്ത് നിന്നും ജോലി മതിയാക്കി മടങ്ങുമ്പോള്‍ സാധാരണ കൊണ്ടുവരുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരാമെന്നുള്ളതിനാല്‍ ഈ പാസ്പോര്‍ട്ട് അങ്ങനെയാണ് കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്നത്. പിടിക്കപ്പെടുമ്പോള്‍ പാസ്പോര്‍ട്ടിലെ മേല്‍വിലാസക്കാരനും അകത്താകും.
അങ്ങനെ കഥയൊന്നുമറിയാത്ത നിരവധി തമിഴന്മാര്‍ ജയിലിലായിട്ടുണ്ട്. ഉള്‍നാടന്‍ തമിഴ് ഗ്രാമങ്ങളിലെ പാടങ്ങളില്‍ കൃഷിപ്പണിയുമായി കഴിയുന്ന തമിഴനെ പൊലീസ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ നാട്ടുകാരും വീട്ടുകാരും അമ്പരന്നുപോവുന്നു.












Click it and Unblock the Notifications