കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക് കടാശ്വാസ പദ്ധതി വേണം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കടക്കെണിയില്‍ പെട്ടുഴലുന്ന കേരളത്തിലെ കര്‍ഷകര്‍ക്കായി കടാശ്വാസ പദ്ധതി വേണമെന്ന് പി. സി. തോമസ് എംപി കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനം സഹായത്തിന് അപേക്ഷിച്ചുകൊണ്ട് നല്‍കിയ നിവേദനത്തില്‍ പോരായ്മകളുണ്ടായിരുന്നെന്നും പി. സി. തോമസ് കുറ്റപ്പെടുത്തി. കടത്തിലായിരിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ അടിയന്തിരമായി 300 കോടി രൂപ നല്‍കണമെന്നാണ് ധനമന്ത്രി യശ്വന്ത് സിന്‍ഹയോട് ആവശ്യപ്പെട്ടതെന്ന് ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ തോമസ് അറിയിച്ചു.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുവാന്‍ പൊതുമേഖലാ ബാങ്കുകളുമായും സഹകരണ ധനകാര്യസ്ഥാപനങ്ങളുമായും ചര്‍ച്ച നടത്താമെന്ന് സിന്‍ഹ സമ്മതിച്ചിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. പത്മനാഭനും തോമസും ചേര്‍ന്നാണ് കര്‍ഷകരുടെ ആവശ്യങ്ങളടങ്ങിയ നിവേദനം തയാറാക്കിയത്. റബര്‍, നെല്ല്, നാളികേരം, അടയ്ക്ക എന്നിവയുടെ വിലയിടിവില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ 500 കോടി രൂപ നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനം കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരുന്നില്ലെന്ന് തോമസ് കുറ്റപ്പെടുത്തി. മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ നിവേദനം തയാറാക്കിയതാണ് നഷ്ടപരിഹാരം കിട്ടാതെ പോയതിന് ഒരു കാരണം. നിവേദനം സമയത്തിന് നല്‍കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് തോമസ് ആരോപിച്ചു.

തന്റെ പാര്‍ട്ടിയായ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (ഐഎഫ്ഡിപി) പ്രാദേശിക തലത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് തോമസ് വ്യക്തമാക്കി. എന്നാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ചോ പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുന്നത് സംബന്ധിച്ചോ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് തോമസ് പറഞ്ഞു. ഐഎഫ്ഡിപിയുടെ നേതൃത്വത്തില്‍ ദേശീയ കര്‍ഷക മുന്നണിക്ക് രൂപം നല്‍കിയിട്ടുണ്ട്. കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നാഗ്രഹമുള്ള എല്ലാ കക്ഷികളും മുന്നണിക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് തോമസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X