പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായം കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രചാരം നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കേരളത്തില്‍ ഇനിയും വിനോദസഞ്ചാരികള്‍ ചെന്നെത്തിയട്ടില്ലാത്ത ഒട്ടേറെ മനോഹര പ്രദേശങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിദേശരാജ്യങ്ങളില്‍ വരെ വേണ്ടത്ര പ്രചാരം നല്‍കാനാണ് പരിപാടി. മലമ്പ്രദേശങ്ങള്‍, കായലോരങ്ങള്‍, കടല്‍ത്തീരങ്ങള്‍, ഉള്‍നാടന്‍ ഗ്രാമങ്ങളിലെ അമ്പലങ്ങള്‍, അവയുമായി ബന്ധപ്പെട്ട നാടന്‍ കലകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയെന്നതാണ് ലക്ഷ്യം.
കണ്ണൂര്‍ ജില്ലയെ മലബാര്‍ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയുണ്ട്. ധര്‍മ്മടം ദ്വീപ്, തലശേരി കണ്ണൂര്‍ കോട്ടകള്‍, കണ്ണൂരിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങള്‍ എന്നിവ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി)വഴി അഞ്ച് കോടി രൂപ ചെലവഴിക്കും.
ഇതുവരെ സഞ്ചാരികള്‍ ചെന്നെത്തിയിട്ടില്ലാത്ത കടല്‍ത്തീരങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. വര്‍ക്കല പാപനാശത്തിന് സമീപമുള്ള കാപ്പില്‍, വേട്ടക്കട കടല്‍ത്തീരങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ള ബീച്ചുകളായി വികസിപ്പിക്കും. കാപ്പില്‍ കടല്‍ത്തീരത്ത് ബോട്ട് ജെട്ടി നിര്‍മ്മിക്കുവാനും ബോട്ടുകള്‍ വാങ്ങുവാനും 15. 5 കോടി രൂപ ഡിടിപിസിക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബോട്ട് ജെട്ടിയുടെ നിര്‍മ്മാണവും തുടങ്ങിക്കഴിഞ്ഞു.
കാപ്പില്‍, വേട്ടക്കട ബീച്ചുകള്‍ ചേര്‍ത്ത് ഒരു വിനോദസഞ്ചാര ഗ്രാമം പണിയാനാണ് പദ്ധതി. ഇവിടങ്ങളില്‍ കടലിലൂടെ നാല് കിലോമീറ്റര്‍ ദൂരം വരെ പോകാമെന്നുള്ളതിനാല്‍ കടല്‍ത്തിരകളിലൂടെയുള്ള സര്‍ഫിംഗിനും ഇവിടെ സൗകര്യമൊരുക്കുന്നതാണ്. ഇതിനായി പ്രത്യേക ബോട്ടുകളും മറ്റും വാങ്ങുന്നതിന് സ്വകാര്യമേഖലയുടെ സഹായം തേടും.
കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട്, പയ്യാമ്പലം കടല്‍ത്തീരങ്ങളെയും ഇത്തരത്തില്‍ വികസിപ്പിക്കാന്‍ പരിപാടിയുണ്ട്. തെന്മലയിലെ ഇക്കോ ടൂറിസം പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇവിടേക്ക് സഞ്ചാരികളുടെ വരവ് കൂടുമെന്നാണ് കണക്കുകൂട്ടല്‍. തെന്മലയെ കുറിച്ച് വിനോദസഞ്ചാരികള്‍ ഇപ്പോഴും അജ്ഞരാണ്. കേരളത്തിലെ സഞ്ചാരികള്‍ തന്നെ തെന്മലയുടെ സാധ്യതകളെ കുറിച്ച് അറിഞ്ഞത് അടുത്ത കാലത്താണ്. അവഗണിക്കപ്പെട്ടിരിക്കുന്ന പൊന്മുടിയെ ശ്രദ്ധാകേന്ദ്രമാക്കാനും ശ്രമമുണ്ടെന്ന് വിനോദസഞ്ചാര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ആധുനിക സംവിധാനങ്ങളുള്ള ഒരു ടൂറിസ്റ് കോംപ്ലക്സ് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ നിര്‍മ്മിക്കും.
കോട്ടയം ജില്ലയിലെ വാഗമണ്‍, കുട്ടിക്കാനം തുടങ്ങിയ പ്രദേശങ്ങള്‍ മലയോര സുഖവാസ കേന്ദ്രങ്ങളാക്കി വികസിപ്പിക്കും. വാഗമണില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 751 ഹെക്ടര്‍ ഭൂമി വിനോദസഞ്ചാര വകുപ്പിന് കൈമാറിക്കഴിഞ്ഞു. വാഗമണിന്റെ വികസനത്തിനായുള്ള മാസ്റര്‍ പ്ലാന്‍ പൂര്‍ത്തിയായിട്ടുണ്ട്.












Click it and Unblock the Notifications