ആക്രമണം തുടരും - അമേരിക്ക
ന്യൂയോര്‍ക്ക് : ആക്രമണം ഞായറാഴ്ച കൊണ്ടവസാനിക്കുന്നില്ലെന്നും വരുന്ന ദിവസങ്ങളിലും വീണ്ടും അത് തുടരുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ആക്രമണം ഹ്രസ്വമായിരിക്കുമെന്നാണ് മുഷറഫ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്.
എന്തായാലും ഒസാമയെ മാത്രം ലക്ഷ്യമിടുന്ന അമേരിക്ക ആക്രമണം അത്ര പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാദ്ധ്യതയില്ല. അതിന് പ്രധാന കാരണം ഒസാമയെ പിടികൂടുക അത്ര എളുപ്പമല്ലെന്നതു തന്നെ. എല്ലാം അറിയുമെന്ന് വീണ്ടും വീണ്ടും അമേരിക്ക പറയുന്നുണെങ്കിലും ഒസാമയെ കുറിച്ചുള്ള വിവരങ്ങള്‍ പുര്‍ണ്ണമായും അമേരിക്കക്ക് അറിയില്ലെന്നുവേണം കരുതാന്‍. അല്ലെങ്കില്‍ ആദ്യ ആക്രമണത്തില്‍ തന്നെ അമേരിക്കക്ക് ലക്ഷ്യം കണ്ടെത്താനാവുമായിരുന്നു.
ഇതിനിടെയാണ് ഒസാമയുടെ രൂപസാദൃശ്യമുള്ള നാല് പേരെങ്കിലും ഉണ്ടെന്ന് മരിച്ച അഫ്ഗാന്‍ പ്രതിപക്ഷ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ അനുജന്‍ അഹമ്മദ് വലി മസൂദ് പറയുന്നത്. ഇതിനൊപ്പം അസല്‍ ഒസാമ പ്ലാസ്റിക് സര്‍ജറി വഴി രൂപം മാറി അമേരിക്കയില്‍ തന്നെ കഴിയുകയാണെന്ന് മറ്റൊരു അഭ്യൂഹവും ഉയര്‍ന്നിട്ടുണ്ട്. ഇത് അത്ര കാര്യമാക്കേണതില്ലെങ്കിലും അഹമ്മദ് അലി മസൂദിന്റെ വെളിപ്പെടുത്തല്‍ തള്ളികളയാനാവില്ല.
യുദ്ധം ഒരു രാജ്യത്തോടല്ല പകരം ഒരു തീവ്രവാദി സംഘടനയൊടാണെന്നത് അമേരിക്കയുടെ ദൗത്യം വിഷമകരമാക്കുന്നു. ഇത് നിഴലിനോട് യുദ്ധം ചെയ്യുന്നതിന് തുല്ല്യമാണ്. മാത്രമല്ല താലിബാന് അന്താരാഷ്ട്രസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കേണ്ടതില്ല. അതുകൊണ്ട് ഏതുതരം ആക്രമണമുറയും സ്വീകരിക്കാം. അമേരിക്കയില്‍ ഏറ്റവും നിഷ്ടുരമായ രാസ - ജൈവായുധ ആക്രമണം നടത്താന്‍പോലും താലിബാന്‍ മടിച്ചെന്ന് വരില്ല.












Click it and Unblock the Notifications