അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാനെതിരായ യുദ്ധം അമേരിക്ക ആരംഭിച്ചു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും ഖാണ്ഡഹാറിലും ജലാലബാദിലും കനത്ത വ്യോമാക്രമണമാണ് യുഎസ് സഖ്യം അഴിച്ചുവിട്ടത്. വ്യോമ പ്രതിരോധ കേന്ദ്രങ്ങളും പ്രതിരോധ മന്ത്രാലയവും വിമാനത്താവളം ആസ്ഥാനമായുള്ള കമാന്റ് സെന്ററുകളും ഇലക്ട്രിക്കല്‍ ഗ്രിഡുകളും വ്യോമാക്രമണത്തിന് ഇരയായി.
അക്രമത്തില്‍ 20 ലേറെ അഫ്ഗാനികള്‍ മരിച്ചതായി അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഏഴ് ഞായറാഴ്ച രാത്രി അഫ്ഗാന്‍ സമയം 8.45നാണ് ആദ്യത്തെ ആക്രമണം നടന്നത്.
15 ബോംബറുകളില്‍ നിന്നും 25 വിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമായി 50 ടോമഹാക് മിസൈലുകളാണ് പുറപ്പെടുവിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് അറിയിച്ചു.
ആദ്യആക്രമണത്തോടെ തന്നെ കാബൂളിലെ വൈദ്യുതി ബന്ധം നിലച്ചു. കനത്ത ഇരുട്ടിലും പുകയിലും കാബൂള്‍ മുങ്ങി. കാബൂളിലും ജലാബാദിലും വന്‍സ്ഫോടനങ്ങള്‍ നടന്നു.
ഖാണ്ഡഹാറില്‍ മൂന്ന് തവണയാണ് സ്ഫോടനം നടന്നത്. അതോടെ നഗരത്തിലെ വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു. താലിബാന്റെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഖാണ്ഡഹാറിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്രണത്തില്‍ തകര്‍ന്നു. സ്ഫോടനങ്ങള്‍ക്കു ശേഷവും ആക്രമണം നടന്ന നഗരങ്ങള്‍ക്ക് മുകളില്‍ ഹെലികോപ്റ്ററുകളും വിമാനങ്ങളും പറന്നുകൊണ്ടിരുന്നു.
ആക്രമണം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം തുടങ്ങിയതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ തിരിച്ചടി തുടങ്ങിയതായി അറിയിച്ചു.












Click it and Unblock the Notifications