കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് എതിരല്ല: ജേക്കബ്
തിരുവനന്തപുരം: കേരളത്തിലെ കേരളാ കോണ്‍ഗ്രസുകളും ലയിച്ച് ഒരു പാര്‍ട്ടിയാവുന്നതിനെ തന്റെ പാര്‍ട്ടി അനുകൂലിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവും മന്ത്രിയുമായ ടി. എം. ജേക്കബ്.
കേരളാ കോണ്‍ഗ്രസുകളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച പാര്‍ട്ടിയുടെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജേക്കബ് പറഞ്ഞു. എന്നാല്‍ ലയനത്തിന് കേരളാ കോണ്‍ഗ്രസ് ജേക്കബ് മുന്‍കൈയെടുക്കില്ലെന്നും ജേക്കബ് വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസുകള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനോട് പാര്‍ട്ടിക്ക് തുറന്ന മനസാണുള്ളത്. വളരുംതോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്ന കെ. എം. മാണിയുടെ സിദ്ധാന്തത്തോട് യോജിപ്പില്ലെന്നും ജേക്കബ് പറഞ്ഞു. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയ്ക്ക് കേരളാ കോണ്‍ഗ്രസ് ജേക്കബ് മുന്‍കൈയെടുക്കണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും ജേക്കബ് വ്യക്തമാക്കി.
അതേസമയം കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ കുറിച്ച് മാണി മൗനം പാലിച്ചു. ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോള്‍ മാണി ലയനത്തെ കുറിച്ച് കാര്യമായ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. 20, 000 ടണ്‍ റബര്‍ ഉടന്‍ കയറ്റുമതി ചെയ്യുമെന്നും റബര്‍ കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും എന്നും സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മാണി പറഞ്ഞു.












Click it and Unblock the Notifications