ശങ്കരാടിക്ക് അന്ത്യപ്രണാമം
വൈപ്പീന്‍: അന്തരിച്ച ചലച്ചിത്ര നടന്‍ ശങ്കരാടിക്ക് നൂറു കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച രാവിലെ 11.30ഓടെ ചെറായിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്.
തിങ്കളാഴ്ച രാവിലെ മുതല്‍ രാഷ്ട്രീയ-ചലച്ചിത്ര രംഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ ചെറായിയിലെ തോപ്പില്‍പറമ്പില്‍ തറവാട്ടിലേക്ക് ഒഴുകി. ചലച്ചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജഗദീഷ്, സിദ്ദിഖ്, ടി.പി. മാധവന്‍, സംവിധായകന്‍ ജോഷി, തിരക്കഥാകൃത്തുക്കളായ രണ്‍ജി പണിക്കര്‍, എസ്.എന്‍. സ്വാമി, ജോണ്‍ പോള്‍, നിര്‍മ്മാതാവ് വി.ബി.കെ. മേനോന്‍ എന്നിവര്‍ ശങ്കരാടിക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മമ്മൂട്ടിക്ക് വേണ്ടി എസ്.എന്‍. സ്വാമി പുഷ്പചക്രം സമര്‍പ്പിച്ചു.
രാവിലെത്തന്നെ മന്ത്രി ഡോ.എം.എ കുട്ടപ്പനും മുന്‍ എംഎല്‍എമാരായ പി. രാജു, ശിവന്‍ പിള്ള, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുനമ്പം സന്തോഷ്, സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം. ദേവസ്സി, പി.പി. തങ്കരാജ്, സിപിഎം വൈപ്പീന്‍ ഏരിയ സെക്രട്ടറി കെ.ബി. ഭദ്രന്‍, കോണ്‍ഗ്രസ്-ഐ പള്ളിപ്പുറം ബ്ലോക്ക് പ്രസിഡണ്ട് എം.ജെ. ടോമി എന്നിവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി ചൊല്ലി. ഗൗരീശ്വരത്ത് അനുശോചന സമ്മേളനവും നടന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച രാത്രി 8.30നാണ് ശങ്കരാടി എന്ന ചന്ദ്രശേഖരമേനോന്‍ അന്തരിച്ചത്.












Click it and Unblock the Notifications