മൂല്യവര്‍ധിത നികുതി: വെട്ടിപ്പ് കൂട്ടിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുമ്പോള്‍ നികുതി വെട്ടിപ്പും നികുതി ഒഴിവാക്കലും കൂടാന്‍ സാധ്യത.
വാറ്റ് നടപ്പാകുമ്പോള്‍ വില്‍പ്പന നടക്കുന്ന എല്ലാ തലത്തിലും നികുതി അടയ്ക്കേണ്ടി വരും. നികുതി ഈടാക്കുന്ന എല്ലാ തലത്തിലും അഴിമതിയുടെ സാധ്യതയും വര്‍ധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2002 ഏപ്രില്‍ മുതലാണ് കേരളത്തില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് 20 ലക്ഷത്തിലധികം വ്യാപാരിവ്യവസായികളുണ്ടെങ്കിലും ഒന്നര ലക്ഷം പേര്‍ മാത്രമേ വില്‍പ്പന നികുതി നിയമപ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളു. മൂല്യവര്‍ധിത നികുതി നടപ്പാക്കുമ്പോള്‍ എല്ലാ വ്യാപാരികളെ കൊണ്ടും രജിസ്ട്രേഷന്‍ എടുപ്പിക്കേണ്ടി വരുന്നു. രജിസ്ട്രേഷന്‍ മുതല്‍ തന്നെ അഴിമതിയുണ്ടാവാനുള്ള സാധ്യതയുണ്ട്.
അതിനാല്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നത് വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ ജോലി ഭാരം കൂട്ടുകയും ചെയ്യും. മൂല്യവര്‍ധിത നികുതിയെ കുറിച്ച് ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടില്ല. ജോലിഭാരം കുറയ്ക്കാനായി കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കുകയാണ് പോംവഴിയെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ വില്‍പ്പനനികുതി വകുപ്പില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കാനായി ഏതാനും വര്‍ഷം മുമ്പ് കുറെ ഉദ്യോഗസ്ഥരെ കമ്പ്യൂട്ടര്‍ പരിശീലിപ്പിച്ചിരുന്നു. അന്ന് പരിശീലനം നേടിയവര്‍ ഇന്ന് വിരമിച്ചുകഴിഞ്ഞു. മൂല്യവര്‍ധിത നികുതി വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ശരിയായ പരിശീലനം നല്‍കിയില്ലെങ്കില്‍ നികുതി പിരിവില്‍ ഒട്ടേറെ പാകപ്പിഴകള്‍ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications