താലിബാന്‍ പോര്‍വിമാനങ്ങള്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തു
ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഇറങ്ങിയ മൂന്നു താലിബാന്‍ ഹെലികോപ്റ്റര്‍ പോര്‍വിമാനങ്ങള്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തു.
താലിബാന്‍ പൈലറ്റുകള്‍ പറത്തിയിരുന്ന ഈ കോപ്റ്ററുകള്‍ അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയില്‍ എവിടെ നിന്നോ ആണ് പറന്നുയര്‍ന്നത്. അതിര്‍ത്തിയിലെ കുറാമില്‍ വിമാനങ്ങള്‍ ഇറങ്ങിയ ഉടന്‍ തന്നെ പാകിസ്ഥാന്‍ അധികൃതര്‍ അവ പിടികൂടുകയായിരുന്നുവെന്ന് ന്യൂസ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ പൈലറ്റുകള്‍ക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പത്രറിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
ഒസാമ ബിന്‍ ലാദനെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് താലിബാനുള്ള പിന്തുണ പിന്‍വലിച്ച ശേഷം പാകിസ്ഥാന്‍ അവര്‍ക്കെതിരെ കൈക്കൊള്ളുന്ന ആദ്യത്തെ സൈനിക നടപടിയാണിത്. അമേരിക്കന്‍ നാവികസേനയുടെ വ്യോമനിരീക്ഷണ കേന്ദ്രമാണ് ഈ കോപ്റ്ററുകളെക്കുറിച്ചുള്ള വിവരം പാകിസ്ഥാന് കൈമാറിയത്. അവ ഉടന്‍ തന്നെ പിടിച്ചെടുക്കണമെന്നും യുഎസ് നേവി അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications