കൂടുതല്‍ ആക്രമണമുണ്ടാവുമെന്ന് അല്‍-ക്വെയ്ദ
ദോഹ: അമേരിക്കയില്‍ സപ്തംബര്‍ 11ന് നടന്നതു പോലുള്ള ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന ഒസാമ ബിന്‍ ലാദന്റെ അല്‍-ക്വെയ്ദ ഭീഷണിപ്പെടുത്തി. സംഘടനയുടെ വക്താവ് സുലൈമാന്‍ അബു ഗെയ്ത്ത് ഖത്തര്‍ ടെലിവിഷന്‍ അല്‍-ജസീറയിലൂടെ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കക്കെതിരായ വിശുദ്ധ യുദ്ധത്തില്‍ അണിചേരാന്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
പോര്‍വിമാനങ്ങളെക്കൊണ്ട് ഞങ്ങളുടെ ശക്തി കുറയ്ക്കാന്‍ അമേരിക്കക്ക് കഴിയില്ല. അമേരിക്കക്കാര്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ആയിരക്കണക്കിന് യുവാക്കള്‍ മരിക്കാന്‍ തയ്യാറായിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെ ആക്രമിക്കുക വഴി അമേരിക്ക ഒരിക്കലും അടയ്ക്കാന്‍ കഴിയാത്ത വാതിലാണ് തുറന്നിട്ടിരിക്കുന്നത് - അബു ഗെയ്ത്ത് മുന്നറിയിപ്പ് നല്‍കി.
ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും വിമാനം റാഞ്ചിക്കൊണ്ട് ആക്രമണം നടത്തിയവര്‍ അമേരിക്കന്‍ ഹൃദയത്തിലാണ് കൊള്ളിവച്ചത്. ഞങ്ങളുടെ രാജ്യത്ത് നിന്നും അമേരിക്ക പിന്‍വാങ്ങുകയും ജൂതന്മാര്‍ക്ക് പിന്തുണ നല്‍കാതിരിക്കുകയും ഇറാഖി ജനതയ്ക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ഈ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.
അല്‍-ജസീറയ്ക്ക് മുമ്പു ലഭിച്ചിരുന്ന ഒസാമ ബിന്‍ ലാദന്റെ സന്ദേശത്തിന് സമാനമായിരുന്നു ഈ സന്ദേശം. ഇപ്പോഴത്തെ യുദ്ധത്തെ പടിഞ്ഞാറന്‍ ശക്തിയും ഇസ്രയേലും ചേര്‍ന്ന് മുസ്ലിം ജനതയ്ക്കു നേരെ നടത്തുന്ന ആക്രമണമായാണ് ഇരു സന്ദേശങ്ങളും വ്യാഖ്യാനിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ ടേപ്പ് ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ചയാണ് ടിവി സ്റേഷനില്‍ ലഭിച്ചത്. ഒസാമയ്ക്കു പകരം അബു ഗെയ്ത്ത് സന്ദേശം നല്‍കിയതെന്തുകൊണ്ട് എന്ന് വ്യക്തമല്ല.
എന്നാല്‍ ഇത്തരം അവാസ്തവവും ദ്വേഷം ജനിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ അല്‍ ജസീറ ടി വി ചാനല്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഖത്തര്‍ അമീറിനോട് പരാതിപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications