മുഷാറഫിന്റെ പ്രസ്താവന ബുഷ് നിഷേധിച്ചു
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെയുള്ള ആക്രമണം ചുരുങ്ങിയ കാലയളവിലുള്ളതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് തനിക്ക് ഉറപ്പു തന്നിട്ടുണ്ടെന്ന പാകിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫിന്റെ പ്രസ്താവന ബുഷ് നിഷേധിച്ചു.
പാകിസ്ഥാന്‍ പ്രസിഡണ്ടിനോട് അങ്ങനെ പറഞ്ഞതാരാണെന്നെനിക്കറിയില്ല. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ തമ്മില്‍ സൈനിക നീക്കങ്ങളൊന്നും തന്നെ സംസാരിക്കാറില്ല. അഫ്ഗാനിസ്ഥാനെതിരായ ആക്രമണം ചുരുങ്ങിയ കാലയളവിലൊതുക്കാന്‍ ഒരു വഴി മാത്രമേയുള്ളൂ - ഒസാമ ബിന്‍ ലാദനെ വിട്ടുതരിക, ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച ജര്‍മ്മന്‍ ചാന്‍സലര്‍ ജെറാള്‍ഡ് ഷ്രോഡറുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ബുഷ് പറഞ്ഞു.
ഒസാമയ്ക്കും താലിബാനും എതിരെയുള്ള യുദ്ധം ഏറെക്കാലം നീണ്ടു നില്‍ക്കുന്ന പോരാട്ടത്തിന്റെ ഭാഗമാണ്. തീവ്രവാദം തുടച്ചു നീക്കാന്‍ അമേരിക്ക അശ്രാന്ത പരിശ്രമം തുടരുമെന്നും പ്രസിഡണ്ട് പറഞ്ഞു.
അല്‍-ക്വയിദ പോലുള്ളസംഘടനകളുടെ സന്ദേശം വിദ്വേഷവും അക്രമവുമാണ്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി ഞങ്ങളുടെ സഖ്യം എടുക്കുന്ന തീരുമാനങ്ങളെ എതിര്‍ക്കരുത്, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ അമേരിക്കക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നവരോട് ബുഷ് അഭ്യര്‍ത്ഥിച്ചു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം മൂലം പട്ടിണിയും അരാജകത്വവും നടമാടുകയാണ്. അവിടെ തീവ്രവാദികള്‍ക്ക് അഭയം കൊടുക്കുകയാണ്. തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളെ തീവ്രവാദ രാഷ്ട്രമായി കണക്കാക്കുമെന്ന് അമേരിക്ക നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications