പോര്‍ട്ടലുകള്‍ നിയമസഭാ വാര്‍ത്ത നല്‍കേണ്ട
തിരുവനന്തപുരം: പോര്‍ട്ടലുകള്‍ നിയമസഭാ വാര്‍ത്തകള്‍ നല്‍കേണ്ടതില്ലെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പോര്‍ട്ടല്‍ ലേഖകര്‍ക്ക് നിയമസഭാ പാസ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സ്പീക്കര്‍ ഇങ്ങനെ പറഞ്ഞത്. പാസ് നിഷേധിക്കപ്പെട്ട ചില മാധ്യമപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 11 വ്യാഴാഴ്ച സ്പീക്കറുടെ ചേമ്പറില്‍ വച്ച് അദ്ദേഹവുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പാസ് നല്‍കുന്നത് സംബന്ധിച്ച് രൂപീകരിച്ച സമിതി അംഗങ്ങള്‍ ഡോട്ട്കോമുകള്‍ക്കും പാസ് നല്‍കണമെന്ന് സ്പീക്കറോട് നിര്‍ദേശിച്ചിരുന്നെങ്കിലും വക്കം അത് നിരസിക്കുകയായിരുന്നു.
ഡാട്ട് കോമാ? അതെന്തോന്ന് ?, ഡാട്ട്കോമുകള്‍ക്കൊന്നും പാസ് നല്‍കാനാവില്ല. മലയാളം ഇന്ത്യാ ഇന്‍ഫോ ലേഖകനോട് സ്പീക്കര്‍ പറഞ്ഞു. അത് ഒരു വാര്‍ത്ത പോര്‍ട്ടലാണെന്നും ലോകമെങ്ങുമുള്ള വിദേശമലയാളികള്‍ കാണുന്നതാണെന്നുമുള്ള മറ്റ് മാധ്യമപ്രവര്‍ത്തകരുടെ വിശദീകരണം കേള്‍ക്കാതെ സ്പീക്കര്‍ ക്ഷുഭിതനാവുകയായിരുന്നു. വിദേശത്തുള്ളവര്‍ നിയമസഭയ്ക്കുള്ളിലെ വാര്‍ത്ത അറിഞ്ഞിട്ടെന്താണ് എന്നതാണ് സ്പീക്കറുടെ നിലപാട്.
കേരളത്തിലെ നിയമസഭാ സ്പീക്കറോട് ഇന്റര്‍നെറ്റിനെ കുറിച്ചും പോര്‍ട്ടലുകളെ കുറിച്ചും വിശദീകരിക്കുന്നത് വ്യര്‍ത്ഥമെന്ന് മനസിലാക്കി മാധ്യമപ്രവര്‍ത്തകര്‍ പിന്മാറുകയായിരുന്നു. ഇത്രയും ടിവി ചാനലുകള്‍ക്ക് എന്തിന് നിയമസഭാ പാസ് എന്ന ചോദിച്ച സ്പീക്കറോട് സപ്തംബര്‍ 11 ലെ സംഭവവികാസങ്ങള്‍ താങ്കള്‍ ആദ്യം കണ്ടത് ടെലിവിഷന്‍ ചാനലിലൂടെയല്ലേ എന്ന് ചോദിച്ചപ്പോള്‍ മാത്രമാണ് വക്കം പാസ് നല്‍കാന്‍ തയാറായത്.
24 മണിക്കൂറും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന മന്ത്രം ജപിക്കുന്ന ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണ് പോര്‍ട്ടലുകള്‍ നിയമസഭാ വാര്‍ത്ത നല്‍കേണ്ടതില്ലെന്ന് സ്പീക്കര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമസഭാ നടപടികളും മറ്റും അതത് ദിവസം തന്നെ സഭയുടെ വെബ്സൈറ്റില്‍ വയ്കാനും അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും മുന്‍ സ്പീക്കര്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണത്തെ കാര്യങ്ങളൊന്നും തനിക്കറിയേണ്ടതില്ലെന്നാണ് വക്കത്തിന്റെ നിലപാട്.












Click it and Unblock the Notifications