കാബൂളില്‍ കനത്ത ബോംബാക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കയും സഖ്യകക്ഷികളും ഒക്ടോബര്‍ 10 ബുധനാഴ്ച കനത്ത ബോംബാക്രമണം നടത്തി. ഇതുവരെ നടത്തിയതില്‍ ഏറ്റവും രൂക്ഷമായ ബോംബാക്രമണമായിരുന്നു ഇത്.
ഒക്ടോബര്‍ എട്ട് ഞായറാഴ്ച അമേരിക്കന്‍ ആക്രമണം തുടങ്ങിയ ശേഷം തുടര്‍ച്ചയായ നാലാമത്തെ രാത്രിയാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി മുഴുവന്‍ കാബൂളിലെ ആകാശം അമേരിക്കന്‍ പോര്‍വിമാനങ്ങളുടെ ശബ്ദംകൊണ്ട് മുഖരിതമായിരുന്നുവെന്ന് തദ്ദേശവാസികള്‍ പറയുന്നു. ചുരുങ്ങിയത് 30 വന്‍ സ്ഫോടനങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് കണക്ക്. കാബൂളിലെ താലിബാന്‍ സൈനിക ആസ്ഥാനവും മറ്റു തീവ്രവാദ ആസ്ഥാനങ്ങളുമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.
താലിബാന്‍ പരമോന്നത തോവ് മുല്ല മൊഹമ്മദ് ഒമര്‍ താമസിക്കുന്ന കാണ്ടഹാറിനു നേരെയും ബുധനാഴ്ച ആക്രമണം നടന്നു. അടുത്തു തന്നെ അഫ്ഗാനിസ്ഥാനില്‍ കമാന്‍ഡോ ഓപ്പറേഷനും ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പുകളും ഉപയോഗിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ വക്താക്കള്‍ അറിയിച്ചു.
ആക്രമണത്തില്‍ ഇതുവരെ 76 നാട്ടുകാര്‍ മരിച്ചതായി താലിബാന്‍ ആരോപിച്ചു. കാണ്ടഹാറില്‍ 28 പേരും കാബൂളില്‍ 25 പേരും ജലാലാബാദില്‍ ആറ് പേരും മരിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പ്രവേശനമില്ലാത്തതിനാല്‍ ഈ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
അഫ്ഗാന്‍ വ്യോമമേഖലയില്‍ അമേരിക്കയും ബ്രിട്ടനും ആധിപത്യം സ്ഥാപിച്ചെന്ന വാര്‍ത്തകള്‍ താലിബാന്‍ നിഷേധിച്ചു. തങ്ങളുടെ വ്യോമപ്രതിരോധം ഇപ്പോഴും ശക്തമാണെന്ന് അവര്‍ അവകാശപ്പെട്ടു.
അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്കെതിരെ താലിബാന്‍ ഇപ്പോഴും വെടിവപ്പ് നടത്തുന്നുണ്ടെങ്കിലും മുമ്പത്തെപ്പോലെ അത്ര രൂക്ഷമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ ചില ഗണ്‍ബാറ്ററികള്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നാലു ദിവസമായി അമേരിക്കന്‍ ആക്രമണം തുടരുന്നുണ്ടെങ്കിലും ഒസാമ ബിന്‍ ലാദനും മുല്ല ഒമറും സുരക്ഷിതരാണെന്ന് പാകിസ്ഥാനിലെ താലിബാന്‍ സ്ഥാനപതി മുല്ല അബ്ദുള്‍ സലാം സെയ്ഫ് പറഞ്ഞു. എന്നാല്‍ മുല്ല ഒമറിന്റെ രണ്ടു ബന്ധുക്കള്‍ ആദ്യദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അമേരിക്കന്‍ അധികൃതര്‍ അവകാശപ്പെട്ടു.
അതേസമയം താലിബാന്‍ സൈന്യത്തില്‍ നിന്നും കൊഴിഞ്ഞുപോക്ക് ശക്തമായിട്ടുണ്ടെന്ന് പ്രതിപക്ഷമായ വടക്കന്‍ സഖ്യം അവകാശപ്പെട്ടു. ഇതിനകം തന്നെ 40 താലിബാന്‍ കമാന്‍ഡര്‍മാരും 800 സൈനികരും തങ്ങള്‍ക്ക് കീഴടങ്ങിയെന്നും അവര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications