50,000 കോടിയുടെ നിക്ഷേപ പദ്ധതി
തിരുവനന്തപുരം: കേരളത്തില്‍ ആഗോളനിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം കൊച്ചിയില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റേഴ്സ് മീറ്റ് മുന്നില്‍ കണ്ടാണിത്.
ഒക്ടോബര്‍ 11 വ്യാഴാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എല്ലാ വകുപ്പു മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ വികസനത്തിനായി ടാറ്റാ കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷവും തൊഴിലാളി സംഘടനകള്‍, മാധ്യമങ്ങള്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍ എന്നിവരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന എല്ലാ നിയമങ്ങളിലും മാറ്റം വരുത്തും. സംസ്ഥാനത്ത് പുതിയ വ്യവസായ സംസ്കാരം വളര്‍ത്തുകയും സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വ്യാഴാഴ്ച നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണെന്നും ഏപ്രിലിനു മുമ്പ് എല്ലാ തരത്തിലുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications