നിയമസഭായോഗം പിരിഞ്ഞു
തിരുവനന്തപുരം: അന്തരിച്ച മുന്‍ സ്പീക്കര്‍ എ.പി. കുര്യന് ആദരാഞ്ജലിയര്‍പ്പിച്ച് നിയമസഭ ഒക്ടോബര്‍ 12 വെള്ളിയാഴ്ച പിരിഞ്ഞു. ഭരണ-പ്രതിപക്ഷഭേദമില്ലാതെ എല്ലാ കക്ഷിനേതാക്കളും കുര്യന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു.
സ്പീക്കര്‍ വക്കം പുരുഷോത്തമനാണ് അനുശോചനപ്രസംഗം തുടങ്ങിയത്. കേരളം കണ്ട പ്രഗത്ഭനായ സ്പീക്കര്‍മാരിലൊരാളാണ് കുര്യനെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ ലളിതജീവിതം തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ആന്റണി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററി രംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും ഒരുപോലെ തിളങ്ങിയ നേതാവാണ് കുര്യനെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ജീവിതത്തിന്റെ അവസാനനാളുകളില്‍ കുര്യന്‍ അനുഭവിച്ച വേദനകള്‍ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം ഓര്‍ക്കണമെന്ന് മന്ത്രി എം.വി. രാഘവന്‍ പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം യത്നിച്ച കുര്യനെയാണ് മന്ത്രി ടി.എം. ജേക്കബ് അനുസ്മരിച്ചത്. ഈറ്റത്തൊഴിലാളികളുടെ നേതാവായ കുര്യനായിരുന്നു മന്ത്രി കെ.എം. മാണിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞത്.
കെ. ആര്‍. ഗൗരിയമ്മ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നീ മന്ത്രിമാരും കെ.പി. രാജേന്ദ്രന്‍, ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍, ഡോ.കെ.സി. ജോസഫ്, എ.സി. ഷണ്മുഖദാസ്, ബാബു ദിവാകരന്‍, എ.എ. അസീസ്, ആര്‍. ബാലകൃഷ്ണപിള്ള എന്നീ എംഎല്‍ എ മാരും പ്രസംഗിച്ചു.












Click it and Unblock the Notifications