ഭാര്യയുമായി ഒന്നിക്കാന്‍ മന്ത്രിക്ക് താല്‍പര്യം
തിരുവനന്തപുരം: വേര്‍പിരിഞ്ഞുകഴിയുന്ന ഭാര്യയുമായി ഒന്നിച്ചുജീവിക്കാന്‍ ഗതാഗതമന്ത്രി കെ. ബി. ഗണേശ്കുമാര്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ഒക്ടോബര്‍ 12 വെള്ളിയാഴ്ച കുടുംബകോടതിയില്‍ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴാണ് ഗണേശന്‍ ഈ താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഗണേശുമായി ഒന്നിച്ചുപോകുന്നതിന് താല്‍പര്യമില്ലെന്ന് ഭാര്യ യാമിനി അറിയിച്ചു. ജഡ്ജി രാജേന്ദ്രന്റെ ചേമ്പറില്‍ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇരുവരും തങ്ങളുടെ മനസ് തുറന്നത്.
മകന്‍ ആദിത്യകൃഷ്ണന്റെ ഭാവിയെ കരുതിയാണ് ഒന്നിച്ചുജീവിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗണേശ്കുമാര്‍ വ്യക്തമാക്കി. അമ്മയില്ലാത്ത കുഞ്ഞായി അവന്‍ വളരുന്നതില്‍ വിഷമമുണ്ടെന്ന് ഗണേശ് ജഡ്ജിയെ അറിയിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് മകന്‍ ഗണേശിനൊപ്പം കഴിയുന്നത്. ഗണേശനൊപ്പം തന്നെ വളരുവാനാണ് കുട്ടി താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
ഒരു തരത്തിലും യോജിക്കേണ്ടെന്ന് യാമിനിയുടെ അമ്മ കടുംപിടുത്തം പിടിക്കുകയാണെന്ന് അറിയുന്നു. ഒത്തുതീര്‍പ്പിലെത്തിക്കാന്‍ വക്കീലന്‍മാരും ശ്രമിക്കുന്നുണ്ട്. ഒക്ടോബര്‍ 29ന് വീണ്ടും കേസിന്റെ വാദം കേള്‍ക്കും.












Click it and Unblock the Notifications