വിതുര: കേസ് ഡയറി ആവശ്യപ്പെടും
കൊച്ചി: വിതുര ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉടന്‍ കേസ് ഡയറി ആവശ്യപ്പെട്ടേക്കും. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സി.പി. ഉദയഭാനു ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കേരള പൊലീസില്‍ നിന്നും കേസ് ഡയറി ആവശ്യപ്പെടുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി അടുത്തിടെ ഉദയഭാനുവിന്റെ വീട്ടില്‍ വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. രണ്ടു കോടി രൂപ ചെലവില്‍ കാമധേനു ക്ഷീരോല്പാദന കേന്ദ്രം എന്ന ഒരു സ്വകാര്യ ഡയറികേന്ദ്രം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ക്ഷീരോല്പാദനകേന്ദ്രത്തിന്റെ മുന്‍ പങ്കാളികളുടെയും മുന്‍ വൈഎംസിഎ പ്രസിഡണ്ട് മോഹന്‍ വെട്ടത്തിന്റെയും വീടുകളില്‍ റെയ്ഡ് നടന്നിരുന്നു.
ക്ഷീരോല്പാദനകേന്ദ്രവും വിതുര കേസുമായി ചില ബന്ധങ്ങള്‍ ഉണ്ടെന്നതിനാലാണ് ആദായ നികുതി വകുപ്പ് കേസ് ഡയറി ആവശ്യപ്പെടുന്നത്. കേസ് തേച്ചുമാച്ചു കളയാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അതിനാല്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി അന്വേഷണത്തിന് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും ആദായ നികുതി വകുപ്പ് വക്താക്കള്‍ പറഞ്ഞു. റെയ്ഡില്‍ നിന്ന് കിട്ടിയ രേഖകള്‍ വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ റെയ്ഡിനിടയില്‍ തനിക്ക് നാലര ലക്ഷം രൂപ നഷ്ടമായെന്ന് പറഞ്ഞ് മോഹന്‍ വെട്ടത്ത് ആദായ നികുതി വകുപ്പിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. ആരോപണം പൊലീസ് അന്വേഷിച്ചു വരുന്നു. ആദായ നികുതി വകുപ്പിനെതിരെ ആദ്യമായാണ് ഇത്തരമൊരു കേസ് വരുന്നത്.
ഇതു കൂടാതെ മുളുന്തുരുത്തിയില്‍ നടന്ന ഒരു റെയ്ഡിനിടയില്‍ ഒരു ഡ്രൈവറില്‍ നിന്ന് കുറെ പെണ്‍കുട്ടികളുടെ ടെലിഫോണ്‍ നമ്പറുകളടങ്ങിയ ഡയറിയും വകുപ്പധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ പെണ്‍കുട്ടികള്‍ തന്റെ കൂട്ടുകാരികളാണെന്നും തന്റെ മുതലാളിക്ക് ഇവരെ അറിയാമെന്നും ഡ്രൈവര്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications