കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച വികസിപ്പിക്കും
ദില്ലി: പുതിയ പ്രതിരോധിയെ മന്ത്രി ഉള്‍പ്പെടെയുള്ളവരെ നിയമിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ ഒക്ടോബോര്‍ 15 തിങ്കളാഴ്ച വികസിപ്പിക്കും. മന്ത്രിസഭ വികസിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
ആസൂത്രണ കമ്മീഷണന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.സി. പന്തായിരിക്കും പുതിയ പ്രതിരോധ മന്ത്രി എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍ പന്ത് നേരത്തെ പ്രതിരോധമന്ത്രിയായിരുന്നിട്ടുണ്ട്. കൂടാതെ അടുത്തിടെ കശ്മീരിലെ തീവ്രവാദ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ എന്‍ഡിഎ സര്‍ക്കാര്‍ പന്തിനെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിവരസാങ്കേതിക വിദ്യ, ടെലികോം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പ്രമോദ് മഹാജനും പ്രതിരോധത്തില്‍ കണ്ണുണ്ടെന്ന് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
തെഹല്‍ക്ക വിവാദത്തെത്തുടര്‍ന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവച്ചതിനു ശേഷം വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹാണ് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രതിരോധ മന്ത്രിയെ നിയമിക്കണമെന്ന് പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദം ഏറിവരുന്നുണ്ട്.
ഇതിനു പുറമെ ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രി ശരത് യാദവിന്റെയും സാമൂഹ്യനീതി വകുപ്പ് മന്ത്രി സത്യനാരായണന്‍ ജതിയയുടെയും വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈന്റെയും വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. അടുത്തിടെ നടന്ന വിമാനറാഞ്ചല്‍ നാടകത്തിന്റെ പേരില്‍ വിമര്‍ശനമേറ്റ വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈനെ മാറ്റി പകരം ശരത് യാദവിന് വകുപ്പ് തിരിച്ചു നല്‍കാന്‍ സാധ്യതയുണ്ട്.
എന്നാല്‍ രാജിവച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. തെഹല്‍ക്ക വിവാദം അന്വേഷിക്കുന്ന ജസ്റിസ് കെ. വെങ്കടസ്വാമി കമ്മീഷന്‍ ഇതുവരെയും അന്വേഷണം പൂര്‍ത്തിയാക്കാത്തതാണ് കാരണം.












Click it and Unblock the Notifications