കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡും ആര്‍ത്തവവും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ത്തവ പ്രശ്നങ്ങളുണ്ടാവുന്നതിനാല്‍ ഉദ്യോഗസ്ഥകളെ ക്ഷേത്രങ്ങളില്‍ കണക്കെടുപ്പിന് അയക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.

ഇപ്പോള്‍ ഓഡിറ്റര്‍മാരായി സേവനമനുഷ്ഠിക്കുന്ന സ്ത്രീകളെ ക്ലറിക്കല്‍ വിഭാഗത്തിലേക്ക് മാറ്റാനും ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് അശുദ്ധിയുണ്ടാകുമെന്നും ആ സമയത്ത് അവര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധവുമാണെന്നാണ് ഹൈന്ദവ വിശ്വാസം.

എന്നാല്‍ കണക്കെടുപ്പിനായി തങ്ങള്‍ ക്ഷേത്രത്തിന്റെ മതില്‍കെട്ടിനകത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥകള്‍ പറയുന്നു. ക്ഷേത്രവളപ്പിനുള്ളിലെ ഓഫീസില്‍ പ്രവേശിക്കുന്നത് അശുദ്ധമാണെന്ന് കണക്കാക്കാനാവില്ലെന്നും ആര്‍ത്തവസമയം ജോലിക്ക് തടസമാവില്ലെന്നുമാണ് ഉദ്യോഗസ്ഥകള്‍ പറയുന്നത്. എന്നാല്‍ വളരെയധികം യാത്ര ആവശ്യമുള്ള ഓഡിറ്റിംഗ് ജോലിയില്‍ നിന്നും മോചനം നേടാനായതില്‍ സന്തോഷിക്കുന്ന ഉദ്യോഗസ്ഥകളുമുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പല ക്ഷേത്രങ്ങളിലും കണക്കുകളില്‍ തിരിമറി നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. കണക്കെടുപ്പിന് ചെല്ലുന്ന സ്ത്രീകള്‍ കൈക്കൂലിക്ക് വഴങ്ങാത്തതിനാല്‍ വെട്ടിപ്പ് കണ്ടുപിടിക്കപ്പെടുമെന്ന് പേടിയുള്ളവരാണ് ഈ ഒരു വിചിത്രമായ ഉത്തരവിന് പിന്നിലെന്നും സംസാരമുണ്ട്. കണക്കെടുപ്പിന്റെ പേരില്‍ നാല് കാശ് സമ്പാദിക്കാന്‍ നടക്കുന്ന ഉദ്യോഗസ്ഥര്‍ സ്ത്രീകളെ കണക്കെടുപ്പില്‍ നിന്നും തടയാന്‍ വേണ്ടി പ്രബലമായ ചില സംഘടനകളുടെ ഒത്താശയോടെ ഈ ഉത്തരവിറക്കിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ദേവസ്വം ബോര്‍ഡും സ്ത്രീകളുടെ ആര്‍ത്തവവും തമ്മിലേറ്റുമുട്ടുന്നത് ഇതാദ്യമല്ല. മുമ്പ് പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന വസന്തകുമാരി ശബരിമല സന്ദര്‍ശിക്കാനെത്തിയത് വിവാദമായിരുന്നു. സ്ത്രീപുരുഷ വിവേചനം പാടില്ലെന്ന് ഹൈക്കോടതി വിധിയും ഉണ്ടായിട്ടുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥകള്‍ ചിലപ്പോള്‍ തീരുമാനിച്ചേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X