ആദിവാസി സമരം തീരുന്നു?
തിരുവനന്തപുരം: ഭൂമിക്കായി ആദിവാസികള്‍ നടത്തിവരുന്ന സമരം തീരാനുള്ള സാധ്യതകള്‍ തെളിഞ്ഞു.
ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി 42, 000 ഏക്കര്‍ ഭൂമി കണ്ടെത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം രേഖാ മൂലം നല്‍കിയാല്‍ കുടില്‍ കെട്ടിയുള്ള സമരത്തില്‍ നിന്നും പിന്മാറാമെന്ന് കഴിഞ്ഞ ദിവസം സി. കെ. ജാനു പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള മന്ത്രിസഭാതീരുമാനത്തിന്റെ മിനിട്സ് കിട്ടിയാലും മതിയെന്ന നിലപാടിലാണ് സമരം നടത്തുന്ന ആദിവാസികള്‍.
ആദ്യം 10, 000 ഏക്കര്‍ മാത്രം കണ്ടെത്തുമെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. സുഗന്ധഗിരി അടക്കമുള്ള പദ്ധതികളിലെ ഭൂമിയും ആദിവാസികള്‍ക്ക് വിട്ടുകൊടുക്കുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. ഇതും ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസികളുടെ പ്രധാന ആവശ്യമായിരുന്നു. വയനാട് പോലുള്ള പ്രദേശങ്ങളില്‍ ധാരാളം ഭൂമിയുള്ളതുകൊണ്ട് ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ വരെ ഭൂമി കിട്ടാനും സാധ്യതയുണ്ടെന്നാണ് ഒക്ടോബര്‍ 11 വ്യാഴാഴ്ച നടന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞത്.
അന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ട സുഗതകുമാരിയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും പദ്ധതി മേഖലയിലെ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ ഏറെക്കുറെ എല്ലാം തന്നെ മന്ത്രിസഭാ ഉപസമിതി അംഗീകരിക്കുകയായിരുന്നു.
അടുത്തു തന്നെ തിരുവനന്തപുരത്ത് ചേരുന്ന ആദിവാസികളുടെ ഗോത്രസഭ സമരം പിന്‍വലിക്കാനുള്ള തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. കുടിലുകള്‍ പൊളിച്ചുമാറ്റുമെങ്കിലും സര്‍ക്കാരിന്റെ ഉറപ്പുകള്‍ പാലിച്ചുകിട്ടും വരെ സമരം തുടരുമെന്നാണ് ആദിവാസി-ദളിത് സമരസമിതി നേതാവ് ഗീതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications