യുഎസിനെതിരെ ലഷ്കറും ജിഹാദിന്
ഇസ്ലാമബാദ്: യുഎസിനെതിരെ ജിഹാദ് (വിശുദ്ധയുദ്ധം) നടത്തുമെന്ന് ലഷ്കര്‍ എ തോയിബയെന്ന പാക് തീവ്രവാദിസംഘടന പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സിയാണ് യുഎസിനെതിരെ വിശുദ്ധയുദ്ധം നടത്താനുള്ള ലഷ്കര്‍ എ തോയിബ നേതാവ് സയിദിന്റെ ആഹ്വാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ 12 വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ചടങ്ങിലാണ് ലഷ്കര്‍ നേതാവിന്റെ വിശുദ്ധയുദ്ധാഹ്വാനം ഉണ്ടായത്. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന തീവ്രവാദത്തിനെതിരെ വിശുദ്ധയുദ്ധം നടത്തണമെന്നാണ് സയീദ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചത്. നിഷ്കളങ്കരായ സാധാരണക്കാര്‍ക്കുനേരെ യുഎസ് നടത്തുന്ന ക്രൂരതകള്‍ക്കെതിരെ അഫ്ഗാനിസ്ഥാനിലെ വിശുദ്ധയുദ്ധത്തില്‍ പങ്കാളികളാകാനും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
അഫ്ഗാനിസ്ഥാനോടുള്ള ഇപ്പോഴത്തെ നിലപാട് പാകിസ്ഥാന്‍ തിരുത്തണമെന്നും സയീദ് പറഞ്ഞു. മുഴുവന്‍ മുസ്ലിം രാഷ്ട്രങ്ങളുടെയും ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് ഒരു യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രത്തിന്റെ ചുമതല പാകിസ്ഥാന്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണത്തെ ഇസ്ലാമിനെതിരായ ആക്രമണമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തീവ്രവാദത്തെ ഇല്ലാതാക്കുക എന്ന പ്രചാരണത്തിന്റെ മറവില്‍ ഭൂമുഖത്തു നിന്നും ഇസ്ലാമിനെ തുടച്ചുനീക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും അദ്ദേഹം വിശദമാക്കി. ഒസാമ ബിന്‍ ലാദന് അഭയം നല്കുക വഴി ഇസ്ലാമിന്റെ അന്തസ്സാണ് താലിബാന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താലിബാന്‍ യുഎസിനെ തകര്‍ക്കുന്ന കാലം വിദൂരമല്ലെന്നും സോവിയറ്റ് യൂണിയനുണ്ടായ അനുഭവത്തേക്കാളും ക്രൂരമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications