രണ്ട് പാക്വിമാനത്താവളങ്ങള്‍ യുഎസിന്
ഇസ്ലാമബാദ്: പാകിസ്ഥാന്റെ രണ്ടു വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് പാക് ഭരണകൂടം അനുമതി നല്കി. ജകോബബാദ്, പസ്നി വിമാനത്താവളങ്ങളാണ് യുഎസിന് ഉപയോഗിക്കാന്‍ അനുമതി നല്കിയിരിക്കുന്നത്.
പക്ഷെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഈ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്താവൂ എന്ന് പാകിസ്ഥാന്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പരിക്കേല്ക്കുന്ന യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനില്‍ രക്ഷപ്പെടുത്താന്‍ ഈ വിമാനത്താവളങ്ങള്‍ ഉപയോഗിക്കാമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊയ്നുദ്ദീന്‍ ഹൈദര്‍ പറഞ്ഞു.
ആക്രമണമൊഴിച്ചുള്ള മറ്റു കാര്യങ്ങള്‍ക്ക് ഈ രണ്ടു വിമാനത്താവളങ്ങളും ഉപയോഗപ്പെടുത്താമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായി പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഗള്‍ഫിലേതു പോലെ യുഎസ് സഖ്യസേനയ്ക്ക് പാകിസ്ഥാനില്‍ സ്ഥിരം സൈനികത്താവളം നല്കില്ലെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.
തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാലുടന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പാകിസ്ഥാനിലെ വിമാനത്താവളങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നും മൊയ്നുദ്ദീന്‍ ഹൈദര്‍ പറഞ്ഞു. ഒരിക്കലും പാകിസ്ഥാന്റെ വിമാനത്താവളത്തില്‍ നിന്നും അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കയെ അനുവദിക്കില്ലെന്നും ഹൈദര്‍ വ്യക്തമാക്കി.
അതേ സമയം ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ജകോബബാദ് വിമാനത്താവളം ഘെരാവോ ചെയ്യാന്‍ ജമാ-അത്തെ-ഇസ്ലാമി നേതാവ് മൗലാന അബ്ദുള്‍ ഹൈദ്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 14 ഞായറാഴ്ച ദേശീയപ്രക്ഷോഭത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. പാസ്നി വിമാനത്താവളം ഘെരാവോ ചെയ്യുന്നതിനുള്ള ഒരു തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹൈദ്രി അറിയിച്ചതായി ഡോണ്‍ ദിനപത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications