വിസയില്ലാപദ്ധതി യുഎസ് നിര്‍ത്തിയേക്കും
വാഷിംഗ്ടണ്‍: വിസയില്ലാതെ തന്നെ വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള പദ്ധതി അമേരിക്ക പുനഃപരിശോധിക്കുന്നു.
സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പദ്ധതി പുനഃപരിശോധിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന 29 രാജ്യങ്ങളില്‍ മിക്കവാറും ആറ് രാജ്യങ്ങളില്‍ പദ്ധതി പാടെ നിര്‍ത്തിയേക്കുമെന്ന് കരുതുന്നു.
വിമാനം റാഞ്ചിയ 19 പേരില്‍ 13 പേര്‍ക്ക് നിയമപ്രകാരമുള്ള വിസ ഉണ്ടായിരുന്നെന്നും എന്നാല്‍ മറ്റു ആറു പേരുടെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതായും ഇമിഗ്രേഷന്‍ ആന്റ് ന്യൂട്രലൈസേഷന്‍ സര്‍വീസ് വ്യക്തമാക്കി.
വിസയില്ലാതെ പാസ്പോര്‍ട്ട് മാത്രമായി 90 ദിവസം വരെ യുഎസില്‍ താമസിക്കാനുള്ള അനുവാദമാണ് പദ്ധതി വിദേശ പൗരന്മാര്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഈ പദ്ധതി പ്രകാരം 2.3 കോടി വിദേശ പൗരന്മാര്‍ അമേരിക്കയില്‍ എത്തിയിരുന്നെന്നാണ് കണക്ക്.
അണ്ടോറ, അര്‍ജന്റീന, ആസ്ത്രിയ, ആസ്ത്രേലിയ, ബെല്‍ജിയം, ബ്രൂണെ, ഡന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, ലെഷ്റ്റെന്‍സ്റിന്‍, ലക്സംബര്‍ഗ്, മൊണാകോ, നെതര്‍ലന്റ്സ്, ന്യൂസിലാണ്ട്, നോര്‍വെ, പോര്‍ച്ചുഗല്‍, സാന്‍ മരിനോ, സിംഗപ്പൂര്‍, സ്ലോവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്, ബ്രിട്ടന്‍, ഉറുഗ്വെ എന്നിവയാണ് ഈ രാജ്യങ്ങള്‍.
ഇവയില്‍ ആറ് രാജ്യങ്ങളുമായി പാസ്പോര്‍ട്ട് നിയന്ത്രണവും അതിര്‍ത്തി നിയന്ത്രണവും ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് തങ്ങള്‍ ഉടന്‍ ചര്‍ച്ചനടത്തുമെന്നും മിക്കവാറും ഈ രാജ്യങ്ങളെ വിസയില്ലാ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും കോണ്‍സുലാര്‍ കാര്യ അസിസ്റന്റ് സെക്രട്ടറി മേരി റയാന്‍ പറഞ്ഞു. എന്നാല്‍ ആ ആറ് രാജ്യങ്ങള്‍ ഏതെന്ന് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു.












Click it and Unblock the Notifications