കാബൂളിനു നേരെ കനത്ത ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനു നേരെ അമേരിക്ക ആക്രമണം ശക്തമാക്കി. ഒക്ടോബര്‍ 13 ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണം ലക്ഷ്യം വച്ചത് വിമാനത്താവളങ്ങളും താലിബാന്‍ സൈനിക ആസ്ഥാനങ്ങളും ആയുധപ്പുരകളുമായിരുന്നു. പര്‍വത നിരകളിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ആക്രമണത്തിന് സാധിച്ചുവെന്ന് അമേരിക്കന്‍ പ്രതിരോധ അധികൃതര്‍ അറിയിച്ചു.
ആക്രമണങ്ങളെത്തുടര്‍ന്ന് നാല് വന്‍സ്ഫോടനങ്ങളുടെ ശബ്ദം കേട്ടെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. ഒക്ടോബര്‍ 12 വെള്ളിയാഴ്ച മുസ്ലിംങ്ങളുടെ വിശുദ്ധ ദിനമായതിനാല്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് അമേരിക്ക വീണ്ടും ആക്രമണം ശക്തിപ്പെടുത്തിയത്.
താലിബാന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാണ്ടഹാറിനും വടക്കുപടിഞ്ഞാറന്‍ നഗരമായ ഹേരാതിനും ജലാലാബാദിനും നേരെയും ആക്രമണമുണ്ടായി. ജലാലാബാദിലെ താലിബാന്റെ സൈനിക ആസ്ഥാനമായ ക്വിഷ്ല ജദീദ് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
ഹേരാതില്‍ ചുരുങ്ങിയത് മുന്നു മണിക്കൂറെങ്കിലും നീണ്ട വ്യോമാക്രമണമാണ് നടന്നത്. ഹേരാത് വിമാനത്താവളമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ആക്രമണം രാത്രിയായിരുന്നതിനാല്‍ എന്തൊക്കെ നാശനഷ്ടങ്ങള്‍ വന്നിട്ടുണ്ടെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications