കേരളത്തില്‍ മുസ്ലിം മതമൗലികവാദികള്‍ ഒന്നിക്കുന്നു
കോഴിക്കോട്: അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന യുദ്ധത്തെത്തുടര്‍ന്ന് കേരളത്തില്‍ മുസ്ലിം മതമൗലികവാദികള്‍ ഒന്നിക്കുന്നു. വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് ഈ നീക്കം നടക്കുന്നത്.
ആശയപരമായ വൈരുദ്ധ്യം കൊണ്ട് ഭിന്നിച്ചു നിന്നിരുന്ന മുസ്ലിം സംഘടനകളെ അഫ്ഗാന്‍ യുദ്ധം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്. മുസ്ലിം ജനകീയ മുന്നണി (എംജെഎം) എന്ന പേരിലാണ് ഈ സംഘടനകളെല്ലാം ഒന്നിക്കുന്നത്. മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ കക്ഷികളായ മുസ്ലിം ലീഗിന്റെയും ഐഎന്‍എല്ലിന്റെയും അണികളെപ്പോലും ഈ മുന്നണിക്ക് ആകര്‍ഷിക്കാനായിട്ടുണ്ട് എന്നാണ് ആദ്യ സൂചനകള്‍.
അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തിനെതിരെ അടുത്തയാഴ്ച തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും നടത്തിക്കൊണ്ടാണ് എംജെഎം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്.
ഐഎന്‍എല്‍, സിമി, പിഡിപി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നികള്‍ തുടങ്ങി ഒട്ടേറെ സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ബദല്‍ മുസ്ലിം സംഘടന രൂപംകൊള്ളുന്ന കാര്യം എംജെഎമ്മിന്റെ നേതാക്കള്‍ തള്ളിക്കളയുന്നില്ല.
പത്ത് വര്‍ഷം മുമ്പ് ഗള്‍ഫ് യുദ്ധത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ഗള്‍ഫ് യുദ്ധത്തില്‍ കക്ഷികളായ ഇറാഖും കുവൈത്തും ഇസ്ലാമികരാഷ്ട്രങ്ങളായതിനാല്‍ കേരളത്തിലെ മുസ്ലിം സംഘടനകളില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ വിരുദ്ധാഭിപ്രായമാണുണ്ടായിരുന്നത്. എന്നാല്‍ അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കയും അഫ്ഗാനിസ്ഥാനും ആണ് സഖ്യകക്ഷികളെന്നതിനാല്‍ സംഘടനകള്‍ക്ക് ഈയൊരു ധര്‍മ്മസങ്കടം ഇത്തവണ ഇല്ല.
മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ഒസാമ ബിന്‍ ലാദനും താലിബാനും അനുകൂലമായി പോസ്ററുകള്‍ ഉയര്‍ന്നതും പ്രകടനങ്ങള്‍ നടന്നതും ഈയൊരു മുന്നേറ്റത്തിന്റെ മുന്നോടിയാണെന്ന് കരുതുന്നു.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതുവരെ അഫ്ഗാന്‍ യുദ്ധത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാത്തത് ഇത്തരമൊരു കൂട്ടായ്മയ്ക്ക് കളമൊരുക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഇ. അഹമ്മദ് എംപിയും മന്ത്രി എം.കെ. മുനീറും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുസ്ലിം ലീഗ് ഇതുവരെ ഔദ്യോഗിക നിലപാട് വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയുടേതും ഒസാമ ബിന്‍ ലാദന്റേതും നടപടികള്‍ തീവ്രവാദമാണെന്നും അതിനെ എതിര്‍ക്കണമെന്നുമാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications