കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയ്ക്ക് ദുരിതമായി മട്ടാഞ്ചേരി പാലം

  • By Super
Google Oneindia Malayalam News

കൊച്ചി: മട്ടാഞ്ചേരിയില്‍ സ്വകാര്യ കമ്പനി നിര്‍മ്മിച്ച ഒരു പാലം കാരണം കൊച്ചിയിലെ ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പണിപൂര്‍ത്തിയായ പാലത്തിലെ ടോള്‍ പിരിവ് സംബന്ധിച്ചുണ്ടായ തര്‍ക്കം കൊച്ചിയിലെ ജനജീവിതത്തെത്തന്നെ സാരമായി ബാധിക്കുകയാണ്.

പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് കേരളത്തിലെങ്ങുമില്ലാത്തവിധം ടോള്‍ നിരക്ക് ഏര്‍പ്പെടുത്താന്‍ നിര്‍മ്മാണ കമ്പനിയായ ഗാമണ്‍ ഇന്ത്യ തീരുമാനിച്ചതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ് പാലത്തിലൂടെ പോകുന്ന സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും ആദ്യം പണിമുടക്കി. പിന്നീട് ആ പണിമുടക്ക് കൊച്ചി നഗരം മുഴുവന്‍ വ്യാപിച്ചു. പണിമുടക്കിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ചുകൊണ്ടാണ് ബസ്സുടമകള്‍ സമരം ചെയ്തത്.

നിര്‍മ്മിച്ച്,നടത്തി,കൈമാറുക (ബിഒടി)എന്ന പദ്ധതി പ്രകാരമാണ് മട്ടാഞ്ചേരിയില്‍ പാലം നിര്‍മ്മിക്കാന്‍ ഗാമണ്‍ ഇന്ത്യ മുന്നോട്ടുവന്നത്. സ്വന്തം കൈയില്‍ നിന്ന് കാശ് മുടക്കി പാലം നിര്‍മ്മിച്ച് ടോള്‍ പിരിവിലൂടെ മുതലും ലാഭവും തിരിച്ചു നേടുകയും അതിനു ശേഷം സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണിത്.

സാമ്പത്തികമായി പാപ്പരായ സംസ്ഥാനങ്ങള്‍ വികസനപ്രവര്‍ത്തനത്തിനായി ഇത്തരം പദ്ധതികളെ ആശ്രയിക്കുക പതിവാണ്. വര്‍ഷം തോറും കൂടിക്കൂടി വരുന്ന നാണയപ്പെരുപ്പവും മറ്റു സാമ്പത്തികബുദ്ധിമുട്ടുകളും മുന്നില്‍ക്കണ്ടാണ് കരാറിന്റെ തുക ഉറപ്പിക്കാറുള്ളത്.

പദ്ധതിപ്രകാരം പാലം പണി കഴിഞ്ഞ ശേഷം ഗാമണ്‍ ഇന്ത്യ ടോള്‍ നിരക്ക് നിശ്ചയിച്ചു. പാലം മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ടോള്‍ നിരക്ക് നിശ്ചയിച്ചത്. വാഹനപ്രവര്‍ത്തനച്ചെലവിലെ ലാഭം, സമയലാഭം, അപകടസാധ്യതയുടെ കുറവ്, ദൂരക്കുറവ് തുടങ്ങിയവയാണ് അവര്‍ ചൂണ്ടിക്കാണിച്ച നേട്ടങ്ങള്‍.

എന്നാല്‍ ഗാമണ്‍ ഇന്ത്യ ചൂണ്ടിക്കാണിച്ച ഈ സൗകര്യങ്ങള്‍ കൊച്ചിയിലെ സാധാരണക്കാര്‍ക്ക് കിട്ടുന്നില്ലെന്നതാണ് വാസ്തവം. ദൂരത്തിന്റെ കാര്യത്തില്‍ പാലം ഒരു ഗുണവും സാധാരണക്കാരന് ചെയ്യുന്നില്ല. യഥാര്‍ത്ഥത്തില്‍ പാലം വരുന്നതോടെ നഗരവുമായി ബന്ധപ്പെടാന്‍ മറ്റു മാര്‍മില്ലാതാവുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ പാലത്തിലൂടെ കടന്നുപോകാന്‍ നിര്‍ബന്ധിതനാകുന്ന യാത്രക്കാരന്‍ യൂസേഴ്സ് ഫീ ഒടുക്കേണ്ടിവരികയാണ്. സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ നട്ടംതിരിയുന്ന അവനെ ഇത് കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയേ ഉള്ളൂ. പാലം കൊണ്ടുണ്ടാകുന്ന ഒരു ഗുണം നഗരത്തിലെ പഴയ പാലത്തിലെ ഗതാഗത സ്തംഭനം ഇല്ലാതാകുമെന്നതാണ്.

ടോള്‍ പിരിവിന്റെ പേരില്‍ ബസ്സുടമകള്‍ സമരത്തിനിറങ്ങിയതോടെ ടോള്‍ നിരക്ക് 200 രൂപയാക്കി കുറയ്ക്കാന്‍ ഗാമണ്‍ ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ബസ് സമരവും പിന്‍വലിച്ചു. എന്നാല്‍ ഈ വിവാദം ഉയര്‍ത്തുന്ന ചോദ്യം മട്ടാഞ്ചേരി പോലുള്ള ഒരു പാലത്തിന്റെ നിര്‍മ്മാണത്തിന് ബിഒടി സമ്പ്രദായം വേണ്ടിയിരുന്നോ എന്നതാണ്. കൊച്ചിയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് അവശേഷിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X