പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: മൂന്ന് എല്‍ഡിഎഫ് എംഎല്‍എമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഒക്ടോബര്‍ 19 വെള്ളിയാഴ്ച നിയമസഭയില്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങിപ്പോയി.
രാവിലെ ചോദ്യോത്തരവേള തുടങ്ങിയയുടനെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മൂന്ന് എംഎല്‍എമാരെ സസ്പെന്റ് ചെയ്ത നടപടി ശരിയല്ലെന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എണീറ്റു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരും സ്പീക്കറും തയ്യാറാവണമെന്നും എം. വി. ജയരാജന്‍, രാജു എബ്രഹാം, പി. എസ്. സുപാല്‍ എന്നീ അംഗങ്ങളെ സസ്പെന്റ് ചെയ്ത തീരുമാനം പിന്‍വലിക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ചോദ്യോത്തരവേളയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കരുതെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ചോദ്യോത്തരവേളയിലെ നടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യംവിളി തുടങ്ങി. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരായി മുപ്പത് മിനുട്ടോളം നീണ്ടുനിന്ന മുദ്രാവാക്യംവിളിക്കു ശേഷം പ്രതിപക്ഷ എംഎല്‍എമാര്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ സഭാനടപടികള്‍ തുടര്‍ന്നു. ചോദ്യോത്തരവേളയ്ക്കുശേഷം, ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളും സബ്മിഷനുകളും അവതരിപ്പിച്ചു. വെള്ളിയാഴ്ച അനൗദ്യോഗിക ബില്ലുകള്‍ അവതരിപ്പിക്കല്‍ മുടങ്ങി. കാരണം ഇന്ന് അവതരിപ്പിക്കേണ്ട അനൗദ്യോഗിക ബില്ലുകള്‍ എല്ലാം തന്നെ പ്രതിപക്ഷാംഗങ്ങളുടേതായിരുന്നു.












Click it and Unblock the Notifications