അമേരിക്കയില്‍ വീണ്ടും ആന്ത്രാക്സ് ബാധ
ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ആന്ത്രാക്സ് ബാധ കൂടുതല്‍ വ്യാപിക്കുന്നു. രണ്ടു പേര്‍ക്കു കൂടി ആന്ത്രാക്സ് ബാധയേറ്റതായി അധികൃതര്‍ സ്ഥിരീകരിച്ചതോടെയാണിത്.
ന്യൂജഴ്സിയിലെ ഒരു തപാല്‍ ജീവനക്കാരനും ന്യൂയോര്‍ക്കിലെ സിബിഎസ് ന്യൂസ് ജീവനക്കാരനുമാണ് ആന്ത്രാക്സ് ബാധയേറ്റത്. ആന്ത്രാക്സ് ബാധ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ കേസാണ് ഇത്. ഇതോടെ അമേരിക്കയിലെ മാധ്യമസ്ഥാപനങ്ങളും കാപിറ്റോള്‍ ഹില്ലും ആന്ത്രാക്സ് ആക്രമണത്തിന്റെ പിടിയിലായിരിക്കുകയാണ്.
അതിനിടെ അമേരിക്കയില്‍ നിന്നു വന്ന ഒരു എഴുത്തിലൂടെ നാല് പേര്‍ക്ക് ആന്ത്രാക്സ് ബാധയേറ്റിട്ടുണ്ടെന്ന് കാനഡ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്ത്രാക്സിനെക്കുറിച്ച് പേടിക്കേണ്ടതില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ജനത്തെ അറിയിക്കാന്‍ അധികൃതര്‍ പാടുപെടുകയാണ്. ഇതുവരെയായിട്ടും ആന്ത്രാക്സിന് തീവ്രവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യം അധികൃതര്‍ക്ക് കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല. എന്നാല്‍ സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന് ഇതില്‍ പങ്കുണ്ടെന്ന കാര്യം അവര്‍ മുഴവനായി തള്ളിക്കളഞ്ഞിട്ടുമില്ല.
അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആന്ത്രാക്സ് കേസുകള്‍
ഫ്ലോറിഡയിലെ അമേരിക്കന്‍ മീഡിയ കെട്ടിടത്തില്‍ - രണ്ടുപേര്‍ക്ക് അണു ബാധയേറ്റു, ഒരു മരണം.
ന്യൂയോര്‍ക്കിലെ എന്‍ബിസി ടെലിവിഷനിലെ അസിസ്റന്റിന്
ഫ്ലോറിഡയിലെ അമേരിക്കന്‍ മീഡിയ കെട്ടിടത്തില്‍ ആറ് പേര്‍ക്കു കൂടി
ന്യൂയോര്‍ക്കിലെ എബിസി ന്യൂസ് പ്രൊഡ്യൂസറുടെ ഏഴു വയസ്സുകാരനായ മകന്
ന്യൂയോര്‍ക്കില്‍ രണ്ട് ലാബ് ടെക്നീഷ്യന്മാര്‍ക്കും ഒരു പോലീസുകാരനും
വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ കോംപ്ലക്സില്‍വച്ച് 31 പേര്‍ക്ക്
ന്യൂജഴ്സിയിലെ തപാല്‍ ജീവനക്കാരന്












Click it and Unblock the Notifications