മാതംഗിവര്‍മ്മയുടെ മരണം അന്വേഷിക്കണം
തിരുവനന്തപുരം: കിളിമാനൂര്‍ രാജകുടുംബാംഗമായ മാതംഗി വര്‍മ്മ(20)യുടെ കൊലപാതകം കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് കേരള പ്രൈവറ്റ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍(കെപിഎസ്എംഎ) ആവശ്യപ്പെട്ടു. കിളിമാനൂര്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെയും ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന്റെയും മാനേജര്‍ കൂടിയായ മാതംഗി വര്‍മ്മയെ ഒക്ടോബര്‍ 19 വെള്ളിയാഴ്ചയാണ് ചെന്നൈയിലെ നീലന്‍കര ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടത്.
മാതംഗി വര്‍മ്മയുടെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിക്ക് ഫാക്സ് അയച്ചിട്ടുണ്ടെന്ന് കെപിഎസ്എംഎ പ്രസിഡന്റ് ആര്‍.എം. പരമേശ്വരന്‍ പറഞ്ഞു.
ചെന്നൈയില്‍ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ മാതംഗി പാലവക്കത്ത് മാതാപിതാക്കളോടൊത്ത് താമസിച്ചുവരികയായിരുന്നു. ഒക്ടോബര്‍ 18 വ്യാഴാഴ്ച കോളേജില്‍ പോയ മാതംഗി വര്‍മ്മ വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചിരുന്നു. തിരച്ചിലിനിടയിലാണ് പൊലീസ് മൃതദേഹം നീലങ്കര ബീച്ചില്‍ കണ്ടെത്തിയത്.
കൊലപാതകവിവരമറിഞ്ഞ് അച്ഛന്‍ ഗോദവര്‍മ്മയും മറ്റു ബന്ധുക്കളും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. രാജാരവിവര്‍മ്മ സ്കൂളുകളുടെ മാനേജരായിരുന്ന മുത്തച്ഛന്‍ കെ.കെ. വര്‍മ്മ കഴിഞ്ഞ ഡിസംബറിലാണ് മാതംഗി വര്‍മ്മയ്ക്ക് മാനേജര്‍ പദവി കൈമാറിയത്. കെ.കെ. വര്‍മ്മയുടെ മകള്‍ ശോഭനാവര്‍മ്മയുടെ ഏക മകളാണ് മാതംഗി വര്‍മ്മ.












Click it and Unblock the Notifications