താലിബാന്‍ തളരുന്നു
ഇസ്ലാമബാദ്: യുഎസ് യുദ്ധവിമാനങ്ങള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനു മുകളിലൂടെ താഴ്ന്ന് പറന്നുകൊണ്ടുള്ള ആക്രമണം തുടങ്ങി. എന്നാല്‍ ഈ യുദ്ധവിമാനങ്ങള്‍ക്കു നേരെ താലിബാന്‍ കാര്യമായ പ്രത്യാക്രമണം നടത്തിയില്ലെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താഏജന്‍സി അറിയിച്ചു.
ഒക്ടോബര്‍ 20 ശനിയാഴ്ച രാത്രിയിലും ഒക്ടോബര്‍ 21 ഞായറാഴ്ച പുലര്‍ച്ചെയുമാണ് കാബൂളിന് മുകളില്‍ പറന്ന് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി പറന്ന അമേരിക്കന്‍ വിമാനങ്ങള്‍ക്കുനേരെ താലിബാന്‍ വിമാനവേധ തോക്കുകള്‍ ഉപയോഗിച്ച് മൂന്നു മണിക്കൂര്‍ നേരം പ്രത്യാക്രമണം നടത്തി. എന്നാല്‍ ഈ പ്രത്യാക്രമണങ്ങള്‍ ദുര്‍ബലമായിരുന്നു. വെറും രണ്ട് വിമാനവേധതോക്കുകള്‍ മാത്രമാണ് താലിബാന്‍ സേന ഉപയോഗിച്ചു കണ്ടത്.
അതേ സമയം ഞായറാഴ്ച പുലര്‍ച്ചെ കാബൂള്‍ നഗരത്തിനു മീതെ താഴ്ന്നും സാവധാനത്തിലും പറന്ന് ആക്രമണം നടത്തിയ അമേരിക്കന്‍ പോര്‍വിമാനങ്ങളെ താലിബാന്‍ ആക്രമിച്ചതേയില്ല. താലിബാന്‍ സേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാടെ തകര്‍ന്നതായാണ് അമേരിക്കന്‍ യുദ്ധവിദ്ഗ്ധര്‍ വിലയിരുത്തുന്നത്. ശനിയാഴ്ച രാത്രി മൂന്നുതവണയും ഞായറാഴ്ച പുലര്‍ച്ചെ ഒരിക്കലും നടത്തിയ അമേരിക്കന്‍ ബോംബാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ നിരവധി കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ കഴിഞ്ഞതായി അമേരിക്കന്‍ സേന അവകാശപ്പെട്ടു.












Click it and Unblock the Notifications