നിയമസഭ: സ്തംഭനം തുടരുന്നു
തിരുവനന്തപുരം: മൂന്ന് എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കിയതുമൂലം ഒക്ടോബര്‍ 22 തിങ്കളാഴ്ചയും നിയമസഭ സ്തംഭിച്ചു. സഭാനടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിയുകയായിരുന്നു.
രാവിലെ സഭ സമ്മേളിച്ചയുടനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിപ്പിടത്തില്‍ നിന്ന് എണീറ്റു. എന്നാല്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ചോദ്യോത്തരവേളയിലേക്ക് കടന്നതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രകോപിതരായി. സഭയുടെ നടുത്തളത്തിലേക്കിറങ്ങി പ്രതിപക്ഷം ബഹളം വെച്ചപ്പോള്‍ 10.30 വരെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.
തുടര്‍ന്ന് പ്രതിപക്ഷാ നേതാക്കളെയും ഭരണകക്ഷി നേതാക്കളെയും സ്പീക്കര്‍ യോഗത്തിന് ക്ഷണിച്ചു. യോഗത്തില്‍ ഒരു ഒത്തുതീര്‍പ്പ് തീരുമാനത്തിലെത്താനായില്ല.
10.30ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ധനാഭ്യര്‍ഥന ചര്‍ച്ച പെട്ടെന്ന് അവസാനിപ്പിച്ച് സ്പീക്കര്‍ സഭ തിങ്കളാഴ്ചത്തേക്ക് പിരിയുന്നതായി അറിയിച്ചു.
എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം തുടരുമെന്ന് വി. എസ്. അച്യുതാന്ദന്‍ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ, എംഎല്‍എമാര്‍ ഖേദപ്രകടനത്തിന് തയ്യാറാവുകയാണെങ്കില്‍ സസ്പെന്‍ഷന്‍ രണ്ടാഴ്ചയായി കുറയ്ക്കാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.












Click it and Unblock the Notifications